
തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡേഴ്‌സിനും കെഎസ്ആർടിസി ഓർഡിനറി ബസ്സുകളിൽ സൗജന്യ യാത്ര ഒരുക്കുന്ന ‘പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര’ പദ്ധതിക്ക് തിങ്കളാഴ്ച (ജൂൺ 15) തുടക്കമാകും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി കെഎസ്ആർടിസി ബസ്സുകളിൽ ‘പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര’ എന്ന് സ്റ്റെൻസിൽ ചെയ്ത് എഴുതുന്ന പ്രവൃത്തികൾ തലസ്ഥാനത്ത് ആരംഭിച്ചുകഴിഞ്ഞു. ബസ്സുകളുടെ പിൻഭാഗത്ത് ഉദ്ഘാടനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്. നാളെ മുതൽ എല്ലാ ഡിപ്പോകളിലും ബസ്സുകളിൽ പ്രത്യേക സ്റ്റിക്കറുകൾ പതിപ്പിച്ചു തുടങ്ങും. ഇതിനകം തന്നെ സൗജന്യ യാത്രയ്ക്കുള്ള ബസ് ടിക്കറ്റിന്റെ മാതൃകയും കെഎസ്ആർടിസി പുറത്തിറക്കിയിട്ടുണ്ട്.
ഉദ്ഘാടന ദിവസം കെഎസ്ആർടിസിയുടെ ആദ്യ വനിതാ ഡ്രൈവറായ പെരുമ്പാവൂർ ഡിപ്പോയിലെ ഷീലയായിരിക്കും ആദ്യ പ്രിയദർശിനി ബസ് ഓടിക്കുക. അന്ന് ബസ്സിലെ കണ്ടക്ടറും വനിതയായിരിക്കും. ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ 20 വിവിഐപികൾ ബസ്സിൽ ജനങ്ങൾക്കൊപ്പം യാത്ര ചെയ്യും. തമ്പാനൂർ കെഎസ്ആർടിസി ടെർമിനൽ മുതൽ സെക്രട്ടേറിയറ്റ് വരെയാണ് മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും യാത്ര ചെയ്യുക. സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി വിഭാഗത്തിലെ ഏഴ് സബ് ക്ലാസുകളിലായി ആകെ 3,125 ബസ്സുകളിലാണ് സ്ത്രീകൾക്ക് ഈ സൗജന്യ യാത്രാ സൗകര്യം ലഭ്യമാകുക. ജൂൺ 15 മുതൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡേഴ്‌സിനും ഈ ബസ്സുകളിൽ പൂർണ്ണമായും സൗജന്യമായി യാത്ര ചെയ്യാം. ഇതിനായുള്ള ഓർഡിനറി ബസ്സുകളുടെ കൃത്യമായ സബ് ക്ലാസ് ലിസ്റ്റ് കഴിഞ്ഞ ദിവസം കെഎസ്ആർടിസി ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു.സൗജന്യ യാത്ര വഴി കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത മറികടക്കാൻ ബാങ്കുകൾ മുഖേന പണം ലഭ്യമാക്കാനുള്ള നീക്കങ്ങൾ സർക്കാർ തലത്തിൽ അന്തിമഘട്ടത്തിലാണ്. സർക്കാർ ഗ്യാരന്റിയിൽ കെഎസ്ആർടിസിക്ക് ബാങ്ക് ഓവർഡ്രാഫ്റ്റ് അനുവദിക്കാനാണ് ധാരണ. ഇതനുസരിച്ച് മാസത്തിന്റെ ആദ്യവാരം തന്നെ തുക കെഎസ്ആർടിസിക്ക് ലഭ്യമാക്കും. മാസം അവസാനത്തോടെ ഈ തുക പലിശ സഹിതം സർക്കാർ ബാങ്കിൽ അടച്ചുതീർക്കും. ഇത് കെഎസ്ആർടിസിയുടെ ദൈനംദിന നടത്തിപ്പിനെ ബാധിക്കാത്ത രീതിയിൽ ഒരു സ്ഥിരം സംവിധാനമാക്കാനാണ് സർക്കാരിന്റെ നീക്കം. മാസാവസാനം പണം നൽകാമെന്ന സർക്കാരിന്റെ ആദ്യ നിർദ്ദേശം പ്രതിസന്ധി ഭയന്ന് കെഎസ്ആർടിസി നേരത്തെ തള്ളിയിരുന്നു. തുടർന്നാണ് ബാങ്കുകളുമായി ചേർന്ന് പുതിയ ഒത്തുതീർപ്പ് വ്യവസ്ഥയിലേക്ക് എത്തിയത്. തിങ്കളാഴ്ച മുതൽ കേരളത്തിലെ റോഡുകളിൽ പ്രിയദർശിനി ബസ്സുകൾ സ്ത്രീകളുമായി കുതിച്ചുതുടങ്ങും