കന്യാകുമാരി കീരിപ്പാറയിൽ കാട്ടാന ആക്രമണം… തോട്ടം തൊഴിലാളിക്ക് ഗുരുതര പരിക്ക്


തിരുവനന്തപുരം: കേരള-തമിഴ്‌നാട് അതിർത്തി മേഖലകളിൽ കാട്ടാനാക്രമണം വീണ്ടും രൂക്ഷമാകുന്നു. കന്യാകുമാരി കീരിപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. പുതുക്കോട്ട സ്വദേശി രവി (47) യ്ക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇയാളെ വയറ്റിൽ ഗുരുതരമായി കുത്തേറ്റ നിലയിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കീരിപ്പാറ എസ്റ്റേറ്റിൽ ഗ്രാമ്പൂ പറിക്കുന്ന ജോലിക്കായി എത്തിയതായിരുന്നു രവി. ജോലിക്ക് ശേഷം സമീപത്തെ ഒരു ഷെഡിൽ വിശ്രമിക്കുന്നതിനിടെയാണ് കാട്ടിൽ നിന്നിറങ്ങിയ ഒറ്റയാൻ രവിയെ ആക്രമിച്ചത്. ഓടിമാറാൻ ശ്രമിക്കുന്നതിനിടെ ആനയുടെ മുന്നിൽപ്പെടുകയും വയറ്റിൽ കുത്തേൽക്കുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ബഹളം വെച്ചതിനെ തുടർന്നാണ് ആന കാട്ടിലേക്ക് മടങ്ങിയത്. ഉടൻ തന്നെ രവിയെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

കേരള-തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളിൽ കാട്ടാനകളുടെ ആക്രമണം നിത്യസംഭവമായി മാറുകയാണ്. ഇക്കഴിഞ്ഞ ജൂൺ മൂന്നാം തീയതിയും സമാനമായ രീതിയിൽ അതിർത്തി മേഖലയിൽ കാട്ടാന ആക്രമണം റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് നെയ്യാറ്റിൻകര വെള്ളറടയ്ക്ക് സമീപം പേണുവിലുണ്ടായ ആക്രമണത്തിൽ കാഞ്ഞിരംപാറ സ്വദേശിയായ രാജേഷ് എന്നയാൾ കൊല്ലപ്പെട്ടിരുന്നു. കൃഷിയിടത്തിലേക്ക് ഇറങ്ങിയ കാട്ടാനയെ വിരട്ടി ഓടിച്ച ശേഷം സുരക്ഷിത സ്ഥാനമെന്ന നിലയിൽ സമീപത്തെ പാറക്കെട്ടിലേക്ക് കയറി നിൽക്കുന്നതിനിടെയാണ് രാജേഷിനെ ആന ആക്രമിച്ചത്. നെഞ്ചിനും വയറ്റിലും മാരകമായി കുത്തേറ്റ രാജേഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. ഈ ദുരന്തം നടന്ന് ദിവസങ്ങൾ പിന്നിടും മുൻപാണ് വീണ്ടും അതിർത്തി മേഖലയിൽ മറ്റൊരു തൊഴിലാളി കൂടി ആനയുടെ ആക്രമണത്തിന് ഇരയായിരിക്കുന്നത്. ആനയിറങ്ങുന്നത് പതിവായതോടെ വനമേഖലയോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളും തോട്ടം തൊഴിലാളികളും കടുത്ത ഭീതിയിലാണ്.


        

Previous Post Next Post