വ്യാജപ്രചരണങ്ങളിൽ വ്‌ളോഗർക്കെതിരെ പരാതിയുമായി ഓട്ടോ ഡ്രൈവർ


മദ്യപിച്ച് വാഹനം ഓടിക്കുന്നുവെന്ന സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണങ്ങളിൽ വ്‌ളോഗർക്കെതിരെ പരാതിയുമായി ഓട്ടോ ഡ്രൈവർ. തൊടുപുഴയിൽ ഓട്ടോ ഓടിക്കുന്ന കാരിക്കുളം പ്ലാന്റേഷനിൽ താമസിക്കുന്ന ടി കെ രാജുവാണ് പൊലീസിൽ പരാതി നൽകിയത്. സാമൂഹ്യമാധ്യമങ്ങൾ വഴി തന്നെ അപകീർത്തിപ്പെടുത്തുന്നുവെന്ന് പറഞ്ഞ് വ്‌ളോഗർ ഫസ്മിന സക്കീറിനെതിരെയാണ് രാജു പരാതി നൽകിയിരിക്കുന്നത്.

തൊടുപുഴയിലെ ഓട്ടോ ഡ്രൈവർ മദ്യപിച്ച് വാഹനം ഓടിക്കുന്നുവെന്ന് പറഞ്ഞു രാജുവിന്റെ വിഡിയോ പങ്കുവെച്ചാണ് വ്‌ളോഗർ സാമൂഹ്യമാധ്യമത്തിൽ പോസ്റ്റ് പങ്കിട്ടത്.

‘വെള്ളം അടിച്ചാണോ ഇയാൾ വണ്ടി ഓടിക്കുന്നത്, ശ്രദ്ധിക്കാതെ വണ്ടി ഓടിച്ചാൽ ബാക്കിലിരിക്കുന്ന ആളുകൾക്ക് എന്തെങ്കിലും പറ്റിയാൽ എന്തു ചെയ്യുമെന്നും ഓട്ടോ ഡ്രൈവറോട് ചോദിക്കുന്നതടക്കമുള്ള വിഡിയോ ആണ് വ്‌ളോഗൾ പങ്കുവെച്ചത്. രാജു മദ്യപിച്ച് വാഹനം ഓടിച്ചുവെന്ന് കാണിച്ച് വ്‌ളോഗർ പൊലീസിൽ പരാതിയും നൽകിയിരുന്നു.എന്നാൽ താൻ മദ്യപിച്ച് വാഹനം ഓടിച്ചെന്ന ആരോപണം തെളിയിക്കുന്ന പക്ഷം ഒരു ലക്ഷം രൂപയോ തന്റെ ഓട്ടായോ നൽകുമെന്നാണ് രാജുവിന്റെ മറുവാദം. സംഭവത്തെ കുറിച്ച് രാജു പറയുന്നത്- ട്രാൻസ്‌പോർട്ട് ബസ്റ്റാന്റിൽ പോയി തിരിച്ചു വരുന്ന വഴിയാണ് യുവതി കൈ കാണിച്ച് ഓട്ടോയിൽ കയറിയത്. രണ്ട് പേരുണ്ടായിരുന്നു. അവർ ഒരു ഹോട്ടലിന്റെ പേര് പറഞ്ഞു. പക്ഷെ അതെനിക്ക് അറിയില്ലായിരുന്നു. അത് കഴിഞ്ഞ് സുഡിയോയിൽ പോകണമെന്ന് പറഞ്ഞു. രണ്ടും എനിക്കറിയാത്ത സ്ഥലമായതുകൊണ്ട് കാണിച്ചു തരുവാണെങ്കിൽ കൊണ്ടുവിടാമെന്നും പറഞ്ഞു.


രണ്ടു ദിവസം കഴിഞ്ഞ് സ്റ്റാൻഡിൽ കിടന്ന് വണ്ടി ഓടിക്കുന്ന പയ്യൻ പറഞ്ഞത്, ചേട്ടന്റെ ഒരു വിഡിയോ വന്നിട്ടുണ്ടല്ലോ എന്താ പറ്റിയേ എന്ന് ചോദിച്ചു. അപ്പോഴാണ് അറിയുന്നത്. താൻ തെറിയോ ചീത്തയോ പറഞ്ഞില്ലെന്നുമാണ് രാജുവിന്റെ പ്രതികരണം. ഈ വിഡിയോ വന്നതിന്റെ പേരിൽ തന്നെ ആരും ഓട്ടത്തിന് വിളിക്കുന്നില്ലെന്നും ജീവിതം വഴിമുട്ടി നിൽക്കുകയാണെന്നും രാജു പറഞ്ഞു.

Previous Post Next Post