
സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ആശങ്കയായി പകർച്ചപ്പനിയും പടരുന്നു. പനി ബാധിച്ച് ഇന്ന് മൂന്നുപേരാണ് സംസ്ഥാനത്ത് മരിച്ചത്. 13,187 പേർ ഇന്ന് പനി ബാധിച്ച് ചികിത്സ തേടിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് 75 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. 312 പേരാണ് ഡെങ്കിപ്പനി സംശയത്തിൽ ചികിത്സയിലുള്ളത്. ഈ മാസം 11 പേർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചിട്ടുണ്ട്. കൂടാതെ 13 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്നുണ്ടായ പനി മരണങ്ങളിൽ ഒന്ന് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റൊന്ന് എലിപ്പനിയാണെന്ന സംശയത്തിലാണ്. മഞ്ഞപ്പിത്തം ബാധിച്ചും ഒരാൾ മരിച്ചു. ഈ മാസം 20 ദിവസത്തിനിടെ രണ്ടു ലക്ഷത്തി പത്തൊമ്പതിനായിരത്തിലേറെ പേർ പനി ബാധിച്ച് ചികിത്സ തേടിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.