
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പിൽ ഡയറക്ടർ പദവിയെച്ചൊല്ലി വൻ പ്രതിസന്ധിയും നാടകീയ രംഗങ്ങളും. ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് തന്നെ നീക്കിയ സർക്കാർ നടപടി സ്റ്റേ ചെയ്തുകൊണ്ടുള്ള സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവുമായി എത്തിയ ഡോ. കെ ജെ റീനയ്ക്ക് കസേര ഒഴിഞ്ഞുനൽകാൻ താത്ക്കാലിക ഡയറക്ടർ ഡോ. വി മീനാക്ഷി തയ്യാറായില്ല. ഡോ. മീനാക്ഷി കസേരയിൽ നിന്ന് മാറാൻ കൂട്ടാക്കാതിരുന്നതോടെ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ് (DHS) ഓഫീസിൽ വലിയ തർക്കവും നാടകീയ സംഭവങ്ങളുമാണ് അരങ്ങേറിയത്.
കെ ജെ റീനയെ മാറ്റിയ നടപടി ട്രൈബ്യൂണൽ സ്റ്റേ ചെയ്തതോടെ കടുത്ത പ്രതിരോധത്തിലായ സർക്കാർ ഇന്ന് തന്നെ ഹൈക്കോടതിയിൽ അപ്പീൽ നൽകും. നിയമവശങ്ങൾ പരിശോധിച്ച ശേഷം പതുക്കെ മേൽക്കോടതിയെ സമീപിച്ചാൽ മതിയെന്നായിരുന്നു ആരോഗ്യവകുപ്പ് ആദ്യം കരുതിയതെങ്കിലും, ഓഫീസ് തലത്തിൽ കസേര തർക്കം രൂക്ഷമായതോടെ അടിയന്തരമായി ഇന്ന് തന്നെ അപ്പീൽ നൽകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഡോ. കെ ജെ റീനയ്ക്ക് ഡയറക്ടർ സ്ഥാനത്ത് ഇനിയും ഔദ്യോഗിക കാലാവധി ബാക്കിയുള്ളതിനാൽ ഹൈക്കോടതിയിൽ നിന്നും സർക്കാരിന് തിരിച്ചടി ലഭിക്കുമോ എന്ന ശക്തമായ ആശങ്ക ആരോഗ്യവകുപ്പിനുണ്ട്. ട്രൈബ്യൂണൽ വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ കഴിഞ്ഞ ദിവസം തന്നെ സൂചന നൽകിയിരുന്നു.
ജൂൺ 12-നാണ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. കെ ജെ റീനയെ മാറ്റി ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. പകർച്ചവ്യാധി പടരുന്ന അതീവ ഗുരുതരമായ സാഹചര്യത്തിൽ ഡയറക്ടർ 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചതാണ് പെട്ടെന്നുള്ള സ്ഥലംമാറ്റത്തിന് കാരണമെന്നാണ് ആരോഗ്യവകുപ്പ് ആദ്യം നൽകിയ വിശദീകരണം. എന്നാൽ സംഭവം വിവാദമായതോടെ, കാലാവധി കഴിഞ്ഞതുകൊണ്ടാണ് മാറ്റിയതെന്ന തിരുത്തലുമായി വകുപ്പ് രംഗത്തെത്തി. ഇതിനെതിരെ ഡോ. കെ ജെ റീന നൽകിയ ഹർജിയിലാണ് കഴിഞ്ഞ ദിവസം സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സർക്കാരിന്റെ സ്ഥലംമാറ്റ ഉത്തരവ് തടഞ്ഞുകൊണ്ട് അനുകൂല വിധി പുറപ്പെടുവിച്ചത്. ഇതോടെയാണ് ആരോഗ്യവകുപ്പിലെ കസേര തർക്കം ഇപ്പോൾ പരസ്യമായ നിയമപോരാട്ടത്തിലേക്ക് വഴിമാറിയിരിക്കുന്നത്