
‘പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര പദ്ധതി’ നിലവിൽ വന്നതോടെ, സ്ത്രീകൾക്ക് സൗജന്യ യാത്ര നിഷേധിക്കാനായി വെള്ളയും നീലയും നിറത്തിലുള്ള ഓർഡിനറി ബസുകളെല്ലാം കെഎസ്ആർടിസി സിറ്റി ഫാസ്റ്റ് ബസുകളാക്കി മാറ്റി എന്ന സ്റ്റിക്കർ ഒട്ടിച്ചു സർവീസ് നടത്തുന്നു എന്ന പ്രചാരണം പൂർണ്ണമായും വ്യാജവും അടിസ്ഥാനരഹിതവും ആണെന്ന് കെഎസ്ആർടിസി. പ്രിയദർശിനി പദ്ധതി നിലവിൽ വരുന്നതിന് മുൻപ് ഓർഡിനറി വിഭാഗത്തിൽ ഉണ്ടായിരുന്ന എല്ലാ സർവീസുകളും തുടർന്നും ഓർഡിനറി സർവീസായി തന്നെ നിലനിർത്തിയിട്ടുണ്ടെന്നും കെഎസ്ആർടിസി പറയുന്നു.
വർഷങ്ങളായി ഒരേ നിറത്തിൽ സർവീസ് നടത്തുന്ന ഓർഡിനറി, സിറ്റി ഫാസ്റ്റ് ബസുകൾ തമ്മിൽ യാത്രക്കാർക്ക് മാറിപ്പോകാതിരിക്കാനും കൂടുതൽ വ്യക്തത ഉറപ്പാക്കാനുമാണ് കെ.എസ്.ആർ.ടി.സി ഇന്നലെ മുതൽ സിറ്റി ഫാസ്റ്റ് ബസുകളിൽ ‘CITY FAST’ എന്ന് വലിയ അക്ഷരത്തിൽ സ്റ്റിക്കർ പതിപ്പിച്ചു തുടങ്ങിയത്. അല്ലാതെ ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കി മാറ്റിയതല്ല.