ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതിക്ക് വള്ളിയങ്കാവിൽ പ്രധാന പദവി…. ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ. മുരളീധരൻ



        

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ ദേവസ്വം ബോർഡിലെ പ്രധാന തസ്തികകളിൽ നിയമിച്ചതിനെതിരെ കടുത്ത വിയോജിപ്പും മുന്നറിയിപ്പുമായി ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. സ്വർണക്കൊള്ളയിൽ പങ്കുപറ്റിയവരെ മർമ്മസ്ഥാനങ്ങളിൽ നിയമിക്കുന്ന ഉത്തരവ് ഒരു കാരണവശാലും നടപ്പാക്കരുതെന്ന് താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് കത്ത് നൽകിയതായും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.


ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. ജയകുമാർ നിഷ്പക്ഷനായ ആളായതുകൊണ്ടാണ് താൻ ഇതുവരെ പരസ്യ പ്രതികരണത്തിന് മുതിരാതിരുന്നത്. എന്നാൽ, ഈ തെറ്റായ നിയമനം ബോർഡ് അടിയന്തരമായി തിരുത്തിയില്ലെങ്കിൽ, നിലവിലെ ദേവസ്വം ബോർഡിനും സ്വർണക്കൊള്ളയിൽ പങ്കുണ്ട് എന്ന ധാരണയിലായിരിക്കും സർക്കാർ മുന്നോട്ട് പോവുകയെന്നും മന്ത്രി കർശന മുന്നറിയിപ്പ് നൽകി. കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) ചാർജ് ഷീറ്റ് വന്നതിന് ശേഷം മാത്രമേ സർക്കാരിന് നേരിട്ട് ഇടപെടാൻ കഴിയൂ. ചാർജ് ഷീറ്റിലെ കാര്യങ്ങൾ തൃപ്തികരമല്ലെങ്കിൽ സർക്കാർ ശക്തമായി ഇടപെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത ഉദ്യോഗസ്ഥന് പ്രധാന പദവിയിൽ നിയമനം നൽകിയതാണ് നിലവിലെ വിവാദങ്ങൾക്ക് കാരണം. സ്വർണക്കൊള്ള നടന്ന സമയത്ത് ശബരിമല സെക്ഷൻ ക്ലർക്കായിരുന്ന ശ്യാമിനെയാണ് ഇപ്പോൾ വള്ളിയങ്കാവ് ദേവസ്വത്തിൽ അഡ്മിനിസ്‌ട്രേഷൻ ഓഫീസറായി നിയമിച്ചിരിക്കുന്നത്. നിലവിൽ ദേവസ്വം ബോർഡിൽ അസിസ്റ്റന്റ് കമ്മീഷണർ പദവിയാണ് ശ്യാം വഹിക്കുന്നത്. സംഭവം വിവാദമായതിന് പിന്നാലെ ദേവസ്വം വകുപ്പ് മന്ത്രി വിഷയത്തിൽ നേരിട്ട് ഇടപെടുകയും ട്രാൻസ്ഫർ ഉത്തരവ് അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ വിജിലൻസ് ക്ലിയറൻസ് ലഭിച്ചതിനാലാണ് ശ്യാമിന് നിയമനം നൽകിയതെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. മന്ത്രിയുടെ കത്തിന്റെ പശ്ചാത്തലത്തിൽ നാളെ ചേരുന്ന ദേവസ്വം ബോർഡ് യോഗം ഈ വിഷയം ഗൗരവമായി ചർച്ച ചെയ്യും. ഉദ്യോഗസ്ഥന്റെ വിവാദ നിയമനം റദ്ദാക്കുമോ അതോ ബോർഡ് നിലപാടിൽ ഉറച്ചുനിൽക്കുമോ എന്നാണ് ഇനി അറിയേണ്ടത്

Previous Post Next Post