അടൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഭിക്ഷാടനത്തിനെത്തിയ സ്ത്രീക്ക് നേരെ ജീവനക്കാരന്റെ മർദ്ദനമെന്ന് പരാതി…..


        

​പത്തനംതിട്ട: അടൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഭിക്ഷാടനത്തിനെത്തിയ സ്ത്രീയെ ജീവനക്കാരൻ വടികൊണ്ട് മർദ്ദിച്ചതായി പരാതി. അന്ധനായ വ്യക്തിക്കൊപ്പം ബസ് സ്റ്റാൻഡിലെത്തിയ ആന്ധ്രാപ്രദേശ് സ്വദേശിയായ സ്ത്രീക്ക് നേരെയാണ് അതിക്രമമുണ്ടായത്. സംഭവത്തിൽ കെഎസ്ആർടിസി ജീവനക്കാരനായ ആർ. വേണുവിനെതിരെ സ്ത്രീ പൊലീസിൽ പരാതി നൽകി.​

ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്നവരോട് ഇവർ സഹായം അഭ്യർത്ഥിക്കുന്നതിനിടെ ജീവനക്കാരൻ വടിയുമായി എത്തി അടിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. ജീവനക്കാരൻ സ്ത്രീക്ക് നേരെ വടിവീശുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. മർദ്ദനമേറ്റ സ്ത്രീ നിലവിൽ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.​അതേസമയം, സ്ത്രീയെ മർദ്ദിച്ചിട്ടില്ലെന്നാണ് കെഎസ്ആർടിസി ജീവനക്കാരുടെ വിശദീകരണം.ബസ് സ്റ്റാൻഡ് പരിസരം ഭിക്ഷാടന നിരോധന മേഖലയായതിനാൽ ഇവരെ ഇവിടെ നിന്നും മാറ്റിനിർത്താൻ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നാണ് ജീവനക്കാർ പറയുന്നത്.​കഴിഞ്ഞ കുറേ നാളുകളായി കേരളത്തിലുള്ള ഇവർ നിലവിൽ ആലപ്പുഴയിലെ താമരക്കുളത്താണ് താമസിക്കുന്നത്. സംഭവത്തിൽ സ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയ അടൂർ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം

Previous Post Next Post