
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരള സർക്കാരിന്റെ ശ്രമങ്ങൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കി തമിഴ്‌നാട്ടിലെ പുതിയ വിജയ് സർക്കാർ. നിയമസഭയിൽ അവതരിപ്പിച്ച സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിലാണ് മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാടിന്റെ കർശന നിലപാട് വ്യക്തമാക്കിയത്. പുതിയ ഡാം നിർമ്മാണം തടയുമെന്നും നിലവിലെ അണക്കെട്ടിന്റെ അറ്റകുറ്റപ്പണികളുമായി മുന്നോട്ട് പോകുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു. സംസ്ഥാനത്തെ ബാധിക്കുന്ന പ്രധാന വിഷയങ്ങളിൽ ദ്രാവിഡ പാർട്ടികളുടെ അതേ നിലപാട് തന്നെയാണ് പുതിയ സർക്കാരിനുമെന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രഖ്യാപനം.
തമിഴ്‌നാട് നിയമസഭയിലെ പുതിയ അംഗങ്ങളെ അഭിനന്ദിച്ചുകൊണ്ട് ഗവർണർ ആരംഭിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ മുൻ ഡിഎംകെ സർക്കാരിനെതിരെയും കേന്ദ്ര സർക്കാരിനെതിരെയും കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചത്. തമിഴ്‌നാട്ടിലെ മുൻ സർക്കാർ സംസ്ഥാനത്തെ ലഹരിയൊഴുക്ക് തടയുന്നതിൽ പൂർണ്ണമായി പരാജയപ്പെട്ടു. കുറ്റകൃത്യങ്ങൾ പെരുകാൻ കാരണം ഈ ലഹരിയൊഴുക്കാണെന്ന് ഗവർണർ കുറ്റപ്പെടുത്തി. ‘തമിഴക വെട്രി കഴകം’ ജാതിക്കും മതത്തിനും പണത്തിനും അതീതമായ പാർട്ടിയാണെന്ന് നയപ്രഖ്യാപനത്തിൽ അടിവരയിട്ടു പറയുന്നു. പെരിയാർ, അണ്ണാദുരൈ, അംബേദ്കർ എന്നിവരുടെ രാഷ്ട്രീയ ആശയങ്ങളും പ്രസംഗത്തിൽ പരാമർശിച്ചു.
തമിഴ്‌നാട്ടിൽ ദ്വിഭാഷാ നയം തന്നെ തുടരും. ത്രിഭാഷാ നയവുമായി കേന്ദ്ര ഫണ്ടുകളെയും വിഹിതത്തെയും ബന്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ രീതി അംഗീകരിക്കില്ലെന്ന രാഷ്ട്രീയ നിലപാട് വിജയ് സർക്കാർ വ്യക്തമാക്കി. കേന്ദ്രത്തിനെതിരെയുള്ള ഈ വിമർശനങ്ങൾ ഗവർണർ സഭയിൽ വായിക്കുകയും ചെയ്തു. പരമ്പരാഗത കീഴ്‌വഴക്കങ്ങൾ പിന്തുടർന്നാണ് വിജയ് സർക്കാർ സഭാ നടപടികൾ ആരംഭിച്ചത്. സമ്മേളനത്തിന്റെ തുടക്കത്തിൽ തമിഴ് ഔദ്യോഗിക ഗാനമായ ‘തമിഴ് തായ് വാഴ്ത്ത്’ ആലപിച്ചു. ഇതിന് പിന്നാലെ ദേശീയഗാനവും ആലപിച്ചാണ് ചടങ്ങുകൾ അവസാനിപ്പിച്ചത്. എന്നാൽ, ഈ ചടങ്ങുകളിൽ വന്ദേമാതരം ആലപിച്ചില്ല എന്നതും ശ്രദ്ധേയമായി.