ഡോ. കെ ജെ റീനയ്ക്ക് ആശ്വാസം… ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്നുള്ള സ്ഥലം മാറ്റം സ്റ്റേ ചെയ്തു


തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്നും ഡോ. കെ ജെ റീനയെ മാറ്റിക്കൊണ്ടുള്ള സർക്കാർ നടപടി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. സ്ഥലം മാറ്റിയ നടപടി നീതി ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഡോ. കെ ജെ റീന നൽകിയ പരാതി പരിഗണിച്ചാണ് ട്രൈബ്യൂണലിന്റെ ഈ സുപ്രധാന ഉത്തരവ്. നിപ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നതിനിടെ ഡയറക്ടർ 15 ദിവസം അവധിയെടുത്തു എന്ന് ആരോപിച്ചായിരുന്നു സർക്കാർ ഡോ. കെ ജെ റീനയെ എറണാകുളം റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിലേക്ക് സ്ഥലം മാറ്റിയത്.

Geographic Reference

അഡീഷണൽ ഡയറക്ടർ ഡോ. വി മീനാക്ഷിക്കായിരുന്നു പകരം താത്കാലിക ചുമതല. റീന 15 ദിവസം അവധിയെടുത്തിട്ടില്ലെന്നും കേവലം രണ്ടര ദിവസം മാത്രമാണ് അവധിയിലായിരുന്നതെന്നുമുള്ള ഔദ്യോഗിക രേഖകൾ മാധ്യമങ്ങൾ പുറത്തുവിട്ടതോടെ സർക്കാർ പ്രതിരോധത്തിലായി. തുടർന്ന്, തങ്ങളുടെ മുൻ ഉത്തരവിലെ പിഴവ് തിരുത്തി, 15 ദിവസത്തെ അവധി പരാമർശം ഒഴിവാക്കിക്കൊണ്ട് ആരോഗ്യവകുപ്പിന് പുതിയ ഉത്തരവ് ഇറക്കേണ്ടി വന്നിരുന്നു. തന്നോട് യാതൊരുവിധ കൂടിയാലോചനകളും നടത്താതെയാണ് അച്ചടക്ക നടപടിയെന്നോണം സ്ഥലംമാറ്റ ഉത്തരവ് കൈമാറിയതെന്ന് ഡോ. കെ ജെ റീന വ്യക്തമാക്കിയിരുന്നു. ഉത്തരവ് പുറത്തിറങ്ങിയപ്പോഴാണ് താൻ ഈ സ്ഥാനമാറ്റത്തെക്കുറിച്ച് അറിയുന്നത്. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മുൻകൂട്ടി കത്ത് നൽകിയ ശേഷമാണ് രണ്ടര ദിവസം അവധിയെടുത്തത്. അത് എങ്ങനെ 15 ദിവസമായി എന്ന് രേഖപ്പെടുത്തിയതിൽ എനിക്ക് അത്ഭുതമുണ്ട്. ശബരിമലയിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിട്ടുനൽകില്ലെന്ന് ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല. ഇതൊരു ആസൂത്രിത നടപടിയായിട്ടാണ് എനിക്ക് തോന്നുന്നത് എന്നും റീന പറഞ്ഞു.ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ കടുത്ത അതൃപ്തിയാണ് ഡയറക്ടറുടെ പെട്ടെന്നുള്ള സ്ഥാനചലനത്തിന് പിന്നിലെന്ന തരത്തിൽ ശക്തമായ വാർത്തകൾ പ്രചരിച്ചിരുന്നു. തങ്ങളെ മുൻകൂട്ടി അറിയിക്കാതെ എടുത്ത ഏകപക്ഷീയമായ തീരുമാനത്തിനെതിരെ നിയമപോരാട്ടത്തിനിറങ്ങിയ ഡോ. കെ ജെ റീനയ്ക്ക് ട്രൈബ്യൂണലിൽ നിന്നും അനുകൂല വിധി ലഭിച്ചത് സർക്കാരിനും ആരോഗ്യവകുപ്പിനും വൻ തിരിച്ചടിയായിരിക്കുകയാണ്. സ്റ്റേ ഉത്തരവ് വന്നതോടെ ഡോ. കെ ജെ റീനയ്ക്ക് തൽസ്ഥാനത്ത് തുടർന്ന് പ്രവർത്തിക്കാം.

أحدث أقدم