
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമം നടപ്പിലാക്കാൻ ബാധ്യസ്ഥരായവർ തന്നെ പരസ്യമായി നിയമലംഘനം നടത്തുന്നതായി ആക്ഷേപം. സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ ഗതാഗത വകുപ്പിന്റെ കർശന ഉത്തരവ് മറികടന്ന് ഔദ്യോഗിക വാഹനം നിയമവിരുദ്ധമായി ഉപയോഗിക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ. ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സണായി ചുമതലയേറ്റതിന് പിന്നാലെ, താൻ ഉപയോഗിക്കുന്ന ടാക്‌സി പെർമിറ്റുള്ള ഇന്നോവ ക്രിസ്റ്റ കാറിന്റെ മഞ്ഞ നമ്പറുകളുള്ള പ്ലേറ്റ് മാറ്റി നിയമവിരുദ്ധമായി വെള്ള നമ്പറുകളുള്ള പ്ലേറ്റ് ഘടിപ്പിച്ച് സ്വകാര്യ വാഹനമെന്ന രീതിയിലാണ് ഇദ്ദേഹം ഇത്രയും കാലമായി യാത്ര ചെയ്യുന്നത്.
വാഹനത്തിന്റെ മഞ്ഞ ബോർഡ് മാറ്റി വെള്ള നമ്പറാക്കാൻ അനുവദിക്കണമെന്ന് കാണിച്ച് 2020-ൽ കെ.വി. മനോജ് കുമാർ ഗതാഗത വകുപ്പിന് കത്ത് നൽകിയിരുന്നു. എന്നാൽ ഗതാഗത കമ്മീഷണർ വിഷയം പരിശോധിച്ച ശേഷം, ഒരു കാരണവശാലും മഞ്ഞ ബോർഡ് മാറ്റാൻ കഴിയില്ലെന്ന് ഗതാഗത വകുപ്പിനെ ഔദ്യോഗികമായി അറിയിച്ചു. തുടർന്ന് 2021 ജൂലൈയിൽ ഗതാഗത വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി ചെയർപേഴ്‌സണെ അറിയിച്ചതുമാണ്. എന്നാൽ ഈ ഉത്തരവിനെയെല്ലാം കാറ്റിൽപ്പറത്തിയാണ് വർഷങ്ങളായി ഈ നിയമലംഘനം തുടരുന്നത്. പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് മനോജ് കുമാറിനെ ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സണായി നാമനിർദേശം ചെയ്തത്. നിലവിൽ 2026 ജൂൺ മാസമായിട്ടും ഇതേ രീതിയിൽ നിയമവിരുദ്ധമായി നിറം മാറ്റിയ നമ്പർ പ്ലേറ്റുമായാണ് ഇദ്ദേഹം യാത്ര ചെയ്യുന്നത്. സാധാരണക്കാരുടെ വാഹനങ്ങളിലെ ചെറിയ നിയമലംഘനങ്ങൾക്ക് പോലും വലിയ തുക പിഴയീടാക്കുന്ന മോട്ടോർ വാഹന വകുപ്പ്, ഉന്നതന്റെ ഈ വർഷങ്ങളായുള്ള നിയമലംഘനത്തിന് നേരെ പൂർണ്ണമായും കണ്ണ് അടച്ചിരിക്കുകയാണെന്ന ശക്തമായ ആക്ഷേപവും നാട്ടുകാരിൽ നിന്നും ഉയരുന്നുണ്ട്