
കണ്ണൂര്‍ വാണിയപ്പാറയില്‍ പള്ളി സെമിത്തേരിയിലെ കല്ലറയിലെ ദുരൂഹത നീക്കാന്‍ പൊലീസ്. 2006, 2015 വര്‍ഷങ്ങളില്‍ ഇതേ കല്ലറയില്‍ അടക്കം ചെയ്ത രണ്ടുപേരുടെ ശരീര അവശിഷ്ടങ്ങളാണ് കല്ലറയില്‍ ഉള്ളതെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ഒരു മൃതദേഹ അവശിഷ്ടം മാറ്റാതെ മറ്റൊന്ന് കല്ലറയിലേക്ക് ഇറക്കുമോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.
കണ്ണൂര്‍ വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് ഉണ്ണിമിശിഹാ ദേവാലയത്തിന്റെ സെമിത്തേരിയുടെ 38ാം നമ്പര്‍ കല്ലറയില്‍ കണ്ട പായില്‍ പൊതിഞ്ഞ നിലയിലുള്ള മൃതദേഹ സാദൃശ്യമുള്ള വസ്തു സംബന്ധിച്ചാണ് ദുരൂഹത ഉയരുന്നത്. എന്താണ് ആ വസ്തുവെന്നും നേരത്തെയുള്ള മൃതദേഹ അവശിഷ്ടമാണോ എന്നും തിരിച്ചറിഞ്ഞാല്‍ മാത്രമേ ദുരൂഹത ഒഴിവാകൂ. അതിനായി കല്ലറ തുറക്കേണ്ടി വരും.
ഈ മാസം 13ന് മറ്റൊരു മൃതദേഹം സംസ്കരിക്കാന്‍ കല്ലറ തുറന്നപ്പോഴാണ് സംശയാസ്പദമായ രീതിയില്‍ മൃതദേഹ സാദൃശ്യമുള്ള വസ്തു കണ്ടത്. ശവപ്പെട്ടിക്ക് സമീപം ചെരിച്ചു വച്ച നിലയില്‍ ആണ് ഇത് ഉണ്ടായിരുന്നത്. ക്രിസ്തീയ ആചാര പ്രകാരം ഇങ്ങനെ സംസ്കാരം നടത്താറില്ലെന്നതാണ് സംശയം ജനിപ്പിക്കുന്നത്.