ഹരിപ്പാട് ഭിക്ഷാടന മാഫിയയിൽ നിന്നും പതിനാലുകാരൻ രക്ഷപ്പെട്ട സംഭവം…കുട്ടിയെ കേരളത്തിലെത്തിച്ച ചെറിയച്ഛൻ പിടിയിൽ...





ആലപ്പുഴ: ഹരിപ്പാട് ഭിക്ഷാടന മാഫിയയില്‍ നിന്ന് രക്ഷപ്പെട്ട പതിനാലുകാരന്റെ അനുജനെയും ചെറിയച്ഛനെയും കണ്ടെത്തി ഹരിപ്പാട് പൊലീസ്. പതിനാലുകാരനെയും അനുജനെയും കേരളത്തിലെത്തിച്ച ചെറിയച്ഛന്‍ അന്തോണിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൂത്തുക്കുടിയിലെ അനാഥാലയത്തില്‍ നിന്നാണ് രണ്ട് കുട്ടികളെയും അന്തോണി ഹരിപ്പാട് എത്തിച്ചത്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മാന്നാര്‍ ഭാഗത്ത് ഒളിവിലായിരുന്നു അന്തോണി. ഇയാള്‍ക്കെതിരെ ജെ ജെ ആക്ട് പ്രകാരം കേസെടുത്തു. മറ്റ് കുട്ടികളെയും ഭിക്ഷാടനത്തിന് ഉപയോഗിച്ചുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നുണ്ടായ അന്വേഷണമാണ് ഫലം കണ്ടത്. വിശദമായ ചോദ്യംചെയ്യലിലൂടെ ഭിക്ഷാടന മാഫിയയ്‌ക്കെതിരെ നടപടി കടുപ്പിക്കാനാണ് പൊലീസിന്റെ നീക്കം.

ഭിക്ഷാടന മാഫിയയില്‍ നിന്ന് രക്ഷപ്പട്ട പതിനാലുകാരന്റെ വെളിപ്പെടുത്തലില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ എസ്പിക്ക് നിര്‍ദ്ദേശം ശിശുക്ഷേമസമിതി നിർദേശം നൽകിയിരുന്നു. പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണെന്ന് സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ ഗീത റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം സിഡബ്ല്യുസി സംരക്ഷണത്തിനേറ്റെടുത്ത കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ തമിഴ്‌നാട്ടിലെ അനാഥാലയങ്ങളില്‍ നിന്നാണ് ഭിക്ഷാടനത്തിനായി കൊണ്ടുവരുന്നത്. കേരളത്തില്‍ ഹോസ്റ്റല്‍ സൗകര്യത്തോടെയുള്ള ജോലിയോ വിദ്യാഭ്യാസമോ നല്‍കാമെന്ന പേരിലാണ് കുട്ടികളെ കൊണ്ടുവരുന്നത്. ഹരിപ്പാട് മാത്രം ഇരുപതോളം കുട്ടികളാണ് സംഘത്തിലുള്ളത്. സംഘത്തിന്റേത് സംസ്ഥാന വ്യാപകമായ റാക്കറ്റാണ് എന്നാണ് കുട്ടിയുടെ മൊഴി.

Previous Post Next Post