മാതൃകയായി ഒരു ബസ് ഉടമ… സ്കൂൾ വിദ്യാർഥികൾക്ക് ഇനി സ്വകാര്യ ബസിൽ യാത്ര തികച്ചും സൗജന്യം


തൃപ്പൂണിത്തുറ: കെഎസ്ആർടിസി ബസ്സുകളിൽ വനിതകൾക്ക് സൗജന്യ യാത്ര അനുവദിച്ച സർക്കാർ തീരുമാനത്തിന് പിന്നാലെ, സ്കൂൾ വിദ്യാർഥികൾക്ക് കൈത്താങ്ങുമായി ഒരു സ്വകാര്യ ബസ് ഉടമ രംഗത്ത്. പൂത്തോട്ട – കലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘കെ പി എം ട്രാവൽസ്’ ആണ് സ്കൂൾ വിദ്യാർഥികൾക്ക് തങ്ങളുടെ ബസിൽ തികച്ചും സൗജന്യമായി യാത്ര ചെയ്യാനുള്ള അവസരമൊരുക്കിയിരിക്കുന്നത്. പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

ബസ് ഉടമയും മർച്ചന്റ് നേവി ക്യാപ്റ്റനുമായ കെ പി പങ്കജാക്ഷനാണ് ഈ വേറിട്ട മാതൃകാപരമായ തീരുമാനത്തിന് പിന്നിൽ. തന്റെ ഉടമസ്ഥതയിലുള്ള ഏഴ് ബസുകളിൽ ഒന്നിലാണ് വിദ്യാർഥികൾക്ക് സൗജന്യ യാത്രയെന്ന വിവരം കാണിച്ച് പ്രത്യേകം സ്റ്റിക്കർ പതിപ്പിച്ചിട്ടുള്ളത്. പ്രതിദിനം 250-ലധികം വിദ്യാർത്ഥികൾ യാത്ര ചെയ്യുന്ന ബസാണിത്. കെഎസ്ആർടിസി ബസുകളിലെ സൗജന്യ യാത്രാ പദ്ധതിയിൽ നിന്ന് വിദ്യാർഥികളെ ഒഴിവാക്കിയ സർക്കാർ നടപടി തെറ്റാണെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, ഇതിലൂടെ സർക്കാരിന് ഈ വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാകട്ടെയെന്നും അഭിപ്രായപ്പെട്ടു.

തീരുമാനത്തിനെതിരെ സ്വകാര്യ ബസ് മേഖലയിൽ നിന്ന് മറ്റ് എതിർപ്പുകൾ ഉണ്ടായേക്കാമെങ്കിലും വിദ്യാർഥികൾക്കുള്ള ഈ സൗജന്യ യാത്രയുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. പൂത്തോട്ടയിൽ നിന്ന് ഇന്ന് രാവിലെ ആരംഭിച്ച സർവീസ് മുതൽ സ്കൂൾ വിദ്യാർഥികൾ ഈ ബസിൽ സൗജന്യ യാത്ര ആസ്വദിച്ചു തുടങ്ങി. വരും ദിവസങ്ങളിൽ മറ്റ് ബസുകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കണമോ എന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും പങ്കജാക്ഷൻ കൂട്ടിച്ചേർത്തു.


أحدث أقدم