മാസപ്പടി കേസ്; ഇഡി അന്വേഷണം പിണറായി സർക്കാരിലേക്കും…വീണയുടെ മൂന്നാം ഘട്ട ചോദ്യം ചെയ്യൽ ഉടൻ…





കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അന്വേഷണം പിണറായി സർക്കാരിലേക്കും. എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് സിഎംആർഎല്ലിന് കിട്ടിയ സഹായങ്ങൾ ഇഡി അന്വേഷിക്കുന്നു. വീണയ്ക്ക് നൽകിയ മാസപ്പടിക്ക് പിന്നിൽ സിഎംആർഎല്ലിന് സർക്കാരിൽ നിന്ന് ലഭിച്ച വഴിവിട്ട സഹായങ്ങളെന്ന നിഗമനത്തിലൂന്നിയാണ് അന്വേഷണം. പിണറായി വിജയൻ്റെ മകൾ വീണ ടിയുടെ മൂന്നാം ഘട്ട ചോദ്യം ചെയ്യൽ ഉടനെയുണ്ടാകും. ഇന്നലെ 10 മണിക്കൂർ ആണ് വീണയുടെ ചോദ്യം ചെയ്യൽ നീണ്ടുനിന്നത്.

എസ്എഫ്ഐഓ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകൾ ലഭ്യമായതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിനായി വീണയെ രണ്ടാമതും കൊച്ചിയിലേക്ക് വിളിപ്പിച്ചത്. കരിമണൽ കമ്പനിയുമായുള്ള സാമ്പത്തിക ഇടപാട് മാത്രമല്ല മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് ഈ കമ്പനിയുമായി ബന്ധമുണ്ടോ എന്നതടക്കം ചോദ്യം ചെയ്യലിൽ വീണയോട് ഇഡി വ്യക്തത തേടിയെന്നാണ് വിവരം. ഈ മാസം 29നായിരുന്നു രണ്ടാമതും ചോദ്യം ചെയ്യലിനായി തീരുമാനിച്ചിരുന്നതെങ്കിലും എസ്എഫ്ഐ അനുബന്ധ രേഖകൾ കിട്ടിയതോടെ ഇന്നലെ ഹാജരാകാൻ ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ച് വീണയോട് ആവശ്യപ്പെടുകയായിരുന്നു. 29ന് ഹാജരാകാൻ വീണയും നേരത്തെ അസൗകര്യം അറിയിച്ചിരുന്നു. തുടർന്ന് രാവിലെ ഒൻപതരയോടെയാണ് ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പം വീണ എത്തിയത്.
Previous Post Next Post