വിലക്കയറ്റത്തെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്പ്പോര്…. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു….. പ്രതിപക്ഷം വാക്കൗട്ട് ചെയ്തു



        

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റത്തെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ കടുത്ത വാക്പ്പോര്. പ്രതിപക്ഷത്തുനിന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് വാക്കൗട്ട് ചെയ്തു. വിലക്കയറ്റം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ.പി. ധനപാലൻ, കെ.പി. ഉണ്ണികൃഷ്ണൻ എന്നിവർക്ക് ആദരമർപ്പിച്ചാണ് സഭ ആരംഭിച്ചത്. തുടർന്ന് ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പും നടന്നു. ഇതിന് ശേഷമാണ് പ്രതിപക്ഷം വിലക്കയറ്റ വിഷയം സഭയിൽ ഉന്നയിച്ചത്. 

പെട്രോൾ വിലവർധനവ് അടക്കം ജനജീവിതത്തിൽ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നതായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാർ വലിയ കൊള്ളയാണ് നടത്തുന്നതെന്നും അതിനെതിരെ ശക്തമായ അഭിപ്രായം പറയേണ്ടതുണ്ടെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു. പാചകവാതകത്തിന് സബ്‌സിഡി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിലവർധനവ് താഴേയ്ക്ക് പോയിട്ട് ചർച്ച ചെയ്യാം എന്ന സർക്കാർ നിലപാട് ശരിയല്ല. 2018-ൽ നിരന്തരമായി വിലവർധനവ് വന്നപ്പോൾ എൽഡിഎഫ് സർക്കാർ നികുതിയിളവ് നൽകിയിരുന്നു. ജനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിലക്കയറ്റം മൊത്തത്തിൽ ഉണ്ടാക്കിയിരിക്കുന്ന ആഘാതം എന്താണെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അതിൽ തീരുമാനമെടുക്കാൻ കുറച്ചുദിവസം കൂടി വേണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.

അടിയന്തര പ്രമേയ നോട്ടീസിലെ ചില കാര്യങ്ങൾ ഭാഗികമായി ശരിയാണെന്നും അദ്ദേഹം സമ്മതിച്ചു.പെട്രോൾ, ഡീസൽ വില ഒന്നുരണ്ട് തവണയല്ല, നാല് പ്രാവശ്യമാണ് വർധിച്ചത്. ഗൾഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് നിരന്തരം പെട്രോൾ വില കൂട്ടുന്നത്. ഏത് സമയത്തും ഇനിയും വിലവർധനവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ നയങ്ങളെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 619 കോടി രൂപയുടെ അധിക നികുതി വേണ്ടെന്നുവെച്ചിരുന്നു. എന്നാൽ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 3,100 കോടി രൂപയുടെ അധിക വരുമാനമുണ്ടായിട്ടും ഒരു രൂപ പോലും കുറച്ചില്ല. നികുതി കുറയ്ക്കുന്ന മണ്ടത്തരങ്ങൾ കാണിക്കില്ലെന്നാണ് അന്ന് തോമസ് ഐസക് പറഞ്ഞത്. കഴിഞ്ഞ 11 മാസത്തിനിടയിലാണ് നിത്യോപയോഗ സാധനങ്ങൾക്ക് ഏറ്റവും കൂടുതൽ വിലക്കയറ്റമുണ്ടായത്. അതിൽ ഇടപെടുന്നതിൽ കഴിഞ്ഞ സർക്കാർ പരാജയമായിരുന്നു. കരിഞ്ചന്ത തടയാനും എൽപിജി ക്ഷാമം ഇല്ലാതാക്കാനും ഈ സർക്കാർ ശക്തമായി ഇടപെടും.

സംസ്ഥാനത്തെ വിസ്മയിപ്പിക്കുന്ന ഒരു ധവളപത്രം ഉടൻ വരുമെന്നും കേന്ദ്രത്തിൽ നിന്ന് മുൻപ് എന്ത് കിട്ടി, ഇപ്പോൾ എന്ത് കിട്ടുന്നില്ല എന്നതുൾപ്പെടെയുള്ള കൃത്യമായ മറുപടി അതിലുണ്ടാകുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്.


Previous Post Next Post