
കനത്ത മഴ, നിറയെ യാത്രക്കാർ, ചുരത്തിന്റെ കുത്തനെയുള്ള കയറ്റത്തിൽ പെട്ടെന്ന് ബ്രേക്ക് തകരാറിലായി പുറകോട്ടുരുളുന്ന ബസ്! കുറ്റ്യാടി ചുരത്തിൽ അപകടമുനമ്പിലായ 160-ഓളം യാത്രക്കാരുടെ ജീവൻ ഡ്രൈവറുടെ ഒരൊറ്റ നിമിഷത്തെ മനസ്സാന്നിധ്യം കൊണ്ട് രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ പത്തരയോടെ കുറ്റ്യാടി ചുരത്തിലെ എട്ടാം വളവിലായിരുന്നു നാടിനെ നടുക്കിയ സംഭവം. തൊട്ടിൽപ്പാലത്തുനിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. പ്രിയദർശിനി ബസിന്റെ എയർ പൈപ്പും ജോയിന്റും തകർന്ന് ബ്രേക്ക് പൂർണ്ണമായി പ്രവർത്തനരഹിതമാകുകയായിരുന്നു.
നിയന്ത്രണംവിട്ട ബസ് പിന്നിലേക്ക് ഉരുണ്ടുനീങ്ങിയതോടെ കൂട്ട നിലവിളി ഉയർന്നു. ഡ്രൈവറായ പേരാമ്പ്ര സ്വദേശി എൻ.പി. സുധീർ ബസിന്റെ പിൻഭാഗം വലതുഭാഗത്തെ ഭിത്തിയിൽ ഇടിപ്പിച്ചു നിർത്തിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. അപകടത്തെത്തുടർന്ന് ഒരു മണിക്കൂറോളം ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു
കോഴിക്കോട്ടുനിന്ന് വന്ന കെ.എസ്.ആർ.ടി.സി. ബസ് രാവിലെ 10 മണിയോടെയാണ് ചുരം കയറിയത്. എന്നാൽ, ചുരത്തിനു താഴെ പൂതംപാറ എന്ന സ്ഥലത്ത് മാനന്തവാടി ഡിപ്പോയുടെ മറ്റൊരു ബസ് ബ്രേക്ക്ഡൗൺ ആയി കിടപ്പുണ്ടായിരുന്നു. ഇതോടെ ഇതിലെ ആളുകൾ കോഴിക്കോട്ടുനിന്ന് വന്ന ബസിലേക്ക് കയറി. കുറച്ചുപേർ ഇറങ്ങിത്തരണമെന്ന് ഡ്രൈവറും കണ്ടക്ടറും ആവശ്യപ്പെട്ടെങ്കിലും പുറത്ത് നല്ല മഴയായതിനാൽ ആരും ഇറങ്ങാൻ തയ്യാറായില്ല. കുറച്ചുസമയം പൂതംപാറയിൽ നിർത്തിയിട്ടശേഷം ബസ് ചുരം കയറുകയായിരുന്നു.