
ആലപ്പുഴ: നാടിനെ നടുക്കിയ തുമ്പോളി ഏലിയാമ്മ ടീച്ചർ കൊലപാതകം നടന്ന് 16 വർഷങ്ങൾക്ക് ശേഷം പ്രതിക്ക് കോടതി ജീവപര്യന്തം വിധിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് മാഞ്ഞാലിക്കാട് സ്വദേശിയും ടീച്ചറുടെ ബന്ധുവുമായ ഫ്രില്ലി ഫ്രാൻസിസിനാണ് (39) ജീവപര്യന്തം തടവും 75,000 രൂപ പിഴയും ശിക്ഷ ലഭിച്ചത്. ഇതിനുപുറമെ വിവിധ വകുപ്പുകളിലായി 15 വർഷം അധിക തടവും അനുഭവിക്കണം. ഐപിസി 302 പ്രകാരം ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും, 392 പ്രകാരം അഞ്ചു വർഷം കഠിനതടവും 10,000 രൂപ പിഴയും, 447 പ്രകാരം 10 വർഷം കഠിനതടവും 10,000 രൂപ പിഴയും, 454 പ്രകാരം മൂന്നു വർഷം കഠിനതടവും 5,000 രൂപ പിഴയും ഒടുക്കണമെന്നാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് (മൂന്ന്) കോടതി ജഡ്ജ് എം ഷുഹൈബ് ഉത്തരവിട്ടത്. സാക്ഷികളില്ലാതെ ആസൂത്രിതമായി യുവതി നടത്തിയ കൊലപാതകം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ തെളിയിച്ച അന്വേഷണസംഘത്തെ കോടതി പ്രത്യേകം പ്രശംസിച്ചു.
2010 ആഗസ്റ്റ് 12-നായിരുന്നു കേസിനാസ്പദമായ സംഭവം. കനേഡിയൻ പൗരത്വമുള്ള ഏലിയാമ്മ ടീച്ചറുടെ ഭർത്താവും നാല് മക്കളും വിദേശത്തായിരുന്നു. തുമ്പോളിയിലെ വീട്ടിൽ ഏലിയാമ്മയും ജോലിക്കാരിയും മാത്രമാണുണ്ടായിരുന്നത്. സ്വർണാഭരണങ്ങൾ കവരാനായി അയൽവാസി കൂടിയായ ഫ്രില്ലി ആസൂത്രിതമായാണ് കൊലപാതകം നടത്തിയത്. ജോലിക്കാരി പുറത്തുപോയ സമയം നോക്കി വീടിനുള്ളിൽ കടന്ന പ്രതി, ടീച്ചറുടെ മുഖത്ത് മുളകുപൊടി വിതറി പിന്നിൽ നിന്ന് തള്ളിയിട്ടു. വീഴ്ചയിൽ വാരിയെല്ലുകൾ പൊട്ടിയ വയോധികയുടെ കൈത്തണ്ടകളും കഴുത്തും മൂർച്ചയേറിയ കത്തി ഉപയോഗിച്ച് മുറിച്ചാണ് മരണം ഉറപ്പാക്കിയത്. തുടർന്ന് എട്ട് പവനോളം വരുന്ന സ്വർണവളകളും മാലയും കവർന്ന പ്രതി, ഇവ പണയം വെച്ച് സ്വന്തമായി മോതിരവും വസ്ത്രങ്ങളും വാങ്ങി. കൃത്യം നടത്തുമ്പോൾ പ്രതിക്ക് 23 വയസ്സായിരുന്നു പ്രായം.
കൊലപാതകത്തിന് പിന്നിൽ പ്രദേശത്തുണ്ടായിരുന്ന തമിഴ് നാടോടി സംഘമാണെന്ന് വ്യാജപ്രചാരണം നടത്തി പോലീസിനെ വഴിതിരിച്ചുവിടാൻ പ്രതി ശ്രമിച്ചിരുന്നു. ജോലിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ നോർത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ, പിന്നീട് ഫ്രില്ലിയുടെ സംശയകരമായ നീക്കങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് 20 ദിവസങ്ങൾക്ക് ശേഷം സത്യം പുറത്തുവന്നത്. അന്നത്തെ ആലപ്പുഴ നോർത്ത് സിഐയും നിലവിലെ എറണാകുളം വിജിലൻസ് ഡിവൈഎസ്പിയുമായ കെ എ തോമസാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. തുടർന്ന് സിബിസിഐഡി സംഘം ഏറ്റെടുത്ത കേസിൽ എഴുപതോളം സാക്ഷികളെയും ശാസ്ത്രീയ തെളിവുകളും ഹാജരാക്കിയാണ് പ്രോസിക്യൂഷൻ കുറ്റം തെളിയിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ പി പി ഗീത, എൻ ബി ശാരി എന്നിവർ ഹാജരായി. സിപിഒമാരായ അമൽ സി, ലിജുമോൻ, ജി എസ് ഐ ജോസഫ് എന്നിവർ പ്രോസിക്യൂഷനെ സഹായിക്കാൻ ഒപ്പമുണ്ടായിരുന്നു.