കാർഗിൽ യുദ്ധസമയത്ത് അതിർത്തി മേഖലകളിൽ താൻ നടത്തിയ സന്ദർശന ഓർമ്മകൾ പങ്കുവെച്ച പ്രധാനമന്ത്രി, സാധാരണക്കാരനായ ഒരു പാർട്ടി പ്രവർത്തകനായി അവിടെ എത്തിയപ്പോൾ നമ്മുടെ സൈനികർ പ്രദർശിപ്പിച്ച അചഞ്ചലമായ നിശ്ചയദാർഢ്യം നേരിട്ട് കാണാൻ സാധിച്ചത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്ന് വ്യക്തമാക്കി. മാതൃഭൂമിയുടെ കാവലാളുകളായി അതിർത്തിയിൽ പാറപോലെ ഉറച്ചുനിന്ന നമ്മുടെ ഓരോ സൈനികനും നൽകിയ ത്യാഗത്തിന് മുന്നിൽ രാജ്യം എന്നെന്നും കടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സിലൂടെയും’ കാർഗിൽ വീരന്മാർക്ക് സ്മരണാഞ്ജലികൾ അർപ്പിച്ച പ്രധാനമന്ത്രി, രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് അതിർത്തി സംരക്ഷണത്തിനായി ജീവൻ വെടിഞ്ഞ ഓരോ യോദ്ധാവിന്റെയും കുടുംബങ്ങളോട് രാജ്യം നന്ദിയുള്ളവരായിരിക്കുമെന്ന് ആവർത്തിച്ചു.
രാഷ്ട്രപതി ദ്രൗപദി മുർമു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങിയ പ്രമുഖ നേതാക്കളും കാർഗിൽ വിജയ് ദിവസിൽ ധീരസൈനികർക്ക് ആദരമർപ്പിച്ചു. ലഡാക്കിലെ ദ്രാസിലുള്ള കാർഗിൽ യുദ്ധ സ്മാരകത്തിൽ നടന്ന ‘ശ്രദ്ധാഞ്ജലി സമരോഹ്’ ചടങ്ങിൽ പ്രതിരോധ സേനാ മേധാവികളും യുദ്ധവീരന്മാരും പുഷ്പചക്രം അർപ്പിച്ചു. 1999-ൽ പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരെ തുരത്തി ഹിമാലയൻ കൊടുമുടികളിൽ ഭാരതത്തിന്റെ ത്രിവർണ്ണ പതാക വീണ്ടും ഉയർത്താൻ ജീവൻ ബലിയർപ്പിച്ച 527 ധീര ജവാന്മാരുടെ ഓർമ്മ പുതുക്കലാണ് രാജ്യത്തുടനീളം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നത്.