ഓപ്പറേഷൻ സ്റ്റീൽ ബേഡ്: ഹൈവേ കൊള്ളസംഘത്തിലെ രണ്ട് ക്രിമിനലുകൾ പിടിയിൽ



        

കൊച്ചി: ഓപ്പറേഷൻ സ്റ്റീൽ ബേഡിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഹൈവേ കൊള്ളസംഘത്തിലെ രണ്ട് ക്രിമിനലുകൾ കൂടി അങ്കമാലി പോലീസിന്റെ പിടിയിലായി. അന്തിക്കാട് പെരിങ്ങോട്ടുകര സ്വദേശി രാഗേഷ് (കായ്ക്കുരു രാഗേഷ്–42), വാടാനപ്പള്ളി ഗണേശമംഗലം സ്വദേശി ജുഗൽ (21) എന്നിവരെയാണ് സാഹസികമായി അറസ്റ്റ് ചെയ്തത്. അറുപതോളം കേസുകളിൽ പ്രതിയായ രാഗേഷ്, ഹൈവേ കൊള്ളക്കേസിൽ കർണാടക ജയിലിൽ കഴിഞ്ഞിരുന്ന ഇയാൾ ജൂൺ അവസാനമാണ് പുറത്തിറങ്ങിയത്. 11 കേസുകളിൽ പ്രതിയായ ജുഗലിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്ന് നാടുകടത്തിയിരുന്നുവെന്നും പോലീസ് അറിയിച്ചു.

അങ്കമാലിയിൽ ഹൈവേ കൊള്ള നടത്താൻ ഒത്തുകൂടിയ സംഘത്തിലെ അംഗങ്ങളാണ് ഇരുവരുമെന്നും അന്വേഷണത്തിൽ വ്യക്തമായി. ഇതേ കേസിൽ നേരത്തെ ശ്യാംകുമാർ, അരുൺ ദേവ്, നിധിൻ, ജോയി, ഷെമാൻ മാത്യു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ പൂതംകുറ്റി ഭാഗത്ത് വാഹന പരിശോധനയ്ക്കിടെ ശ്യാംകുമാർ, അരുൺ ദേവ്, നിധിൻ എന്നിവർ സഞ്ചരിച്ച വാഹനത്തിൽ നിന്ന് കത്തി കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സംഘത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്. തുടർന്ന് പൂതംകുറ്റിയിലെ ഒരു വീട്ടിൽ ഒത്തുകൂടിയിരുന്ന മറ്റ് പ്രതികളെയും പോലീസ് പിടികൂടുകയായിരുന്നു. ഹൈവേയിലൂടെ പണവുമായി സഞ്ചരിക്കുന്ന വാഹനങ്ങൾ കൊള്ളയടിക്കാനായിരുന്നു സംഘത്തിന്റെ പദ്ധതിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഓപ്പറേഷൻ സ്റ്റീൽ ബേഡിന്റെ ഭാഗമായി എറണാകുളം റൂറൽ ജില്ലാ പോലീസ് ഇതുവരെ 25ഓളം കുപ്രസിദ്ധ ക്രിമിനലുകളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പരിശോധനയും നിരീക്ഷണവും തുടരുമെന്നും അധികൃതർ അറിയിച്ചു.


أحدث أقدم