വാഹനപരിശോധനയ്ക്കിടെ പോലീസുകാരനു നേരെ വധശ്രമം…. മൂന്ന് യുവാക്കൾ പിടിയിൽ


കാസർകോട്: പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വാഹനപരിശോധന നടത്തുന്നതിനിടെ പോലീസുകാരന് നേരെ കത്തി ആക്രമണം. എ.ആർ ക്യാമ്പിലെ പോലീസുകാരനായ സന്ദീപിനാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ബൈക്കിലെത്തിയ മൂന്ന് യുവാക്കളെ ടൗൺ പോലീസ് സ്ഥലത്തുവെച്ചുതന്നെ പിടികൂടി. ബദിയടുക്ക നെക്രാജെ സ്വദേശികളായ സഫ്‌വാൻ, അമീർ, കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശി മുഹമ്മദ് ഷെമീനാണ് പോലീസിൻ്റെ പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെ കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

കൺട്രോൾ റൂം എസ്.ഐയുടെ നേതൃത്വത്തിൽ പോലീസ് സംഘം വാഹനം തടഞ്ഞു നിർത്തി പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. കറന്തക്കാട് ഭാഗത്തുനിന്നും ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ എത്തിയ മൂന്നംഗ സംഘത്തെ പോലീസ് തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്ന് പോലീസുകാരോട് തട്ടിക്കയറിയ സംഘം കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഇത് തടയാൻ മുന്നോട്ടുവന്ന പോലീസുകാരനായ സന്ദീപിൻ്റെ കഴുത്തിന് നേരെ ബൈക്ക് യാത്രക്കാരിലൊരാൾ കത്തിയെടുത്ത് കുത്താൻ ശ്രമിക്കുകയായിരുന്നു. ആക്രമണം തടയുന്നതിനിടെ സന്ദീപിൻ്റെ വലതു കൈവെള്ളയ്ക്കാണ് കുത്തേറ്റത്. ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന മറ്റ് പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് അക്രമികളായ മൂന്നംഗ സംഘത്തെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചുവരുന്നു
Previous Post Next Post