ആനന്ദ്: ഗുജറാത്തിലെ ആനന്ദ് ജില്ലയിലുള്ള വാസദിൽ റെയിൽവേ സ്റ്റേഷനിൽ ഉറങ്ങിക്കിടന്ന നാലര വയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ബോർസദ് സ്വദേശിയായ സുരേഷ് പർമറാണ് കൊല്ലപ്പെട്ടത്. കസ്റ്റഡിയിലിരിക്കെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്നാണ് വെടിവെപ്പുണ്ടായതെന്ന് അഹമ്മദാബാദ് റേഞ്ച് ഐ.ജി രാഘവേന്ദ്ര വത്സ അറിയിച്ചു. ആക്രമണത്തിൽ രണ്ട് പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
ശനിയാഴ്ച രാത്രി 9.15 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാസദ് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന അതിഥി തൊഴിലാളികളുടെ മകളെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്. ഞായറാഴ്ച പുലർച്ചെയോടെ റെയിൽവേ ട്രാക്കിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ലോക്കൽ ക്രൈം ബ്രാഞ്ച് (LCB), റെയിൽവേ പോലീസ്, ബോർസദ് റൂറൽ പോലീസ് എന്നിവർ സംയുക്തമായി നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി.
ഞായറാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത പ്രതിയുമായി ആനന്ദിലേക്ക് പോകുന്നതിനിടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വാഹനത്തിൽ വെച്ച് ഛർദ്ദിക്കാൻ വരുന്നുവെന്ന് പ്രതി പറഞ്ഞതിനെ തുടർന്ന് പോലീസ് വാഹനം നിർത്തി. പുറത്തിറങ്ങിയ ഉടൻ തന്നെ ഇയാൾ കൈവശം ഒളിപ്പിച്ചിരുന്ന കത്തി ഉപയോഗിച്ച് രണ്ട് പോലീസുകാരെ ആക്രമിക്കുകയും അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു.
കീഴടങ്ങാൻ പോലീസ് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ഇയാൾ ആക്രമണം തുടർന്നതോടെ സ്വയരക്ഷയ്ക്കായി പോലീസ് വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ പ്രതിയെ ഉടൻ തന്നെ കരംസദിലെ ശ്രീകൃഷ്ണ മെഡിക്കൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.
ഗുജറാത്തിനെ ഒന്നടങ്കം നടുക്കിയ ഈ ക്രൂരമായ കൊലപാതകത്തിലെ പ്രതി മണിക്കൂറുകൾക്കകം കൊല്ലപ്പെട്ടത് വലിയ വാർത്തയായിരിക്കുകയാണ്. പരിക്കേറ്റ രണ്ട് പോലീസുകാർ ആശുപത്രിയിൽ ചികിത്സയിലാണ്.