
ആലപ്പുഴ: ദേശീയപാത വികസനം പൂർത്തിയാകുന്നതോടെ ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന യാത്രികർക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകാൻ സാധ്യത. പുതിയ ഉയർന്ന പാത വഴിയുള്ള യാത്രയിൽ എറണാകുളത്തെത്താൻ മൂന്നിടങ്ങളിൽ ടോൾ നൽകേണ്ടിവരുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. അരൂർ-തുറവൂർ ഉയരപ്പാതയിൽ എരമല്ലൂരിലും, പറവൂർ-തുറവൂർ റീച്ചിൽ കൃപാസനം ജങ്ഷനിലുമാണ് പുതുതായി ടോൾ ബൂത്തുകൾ സ്ഥാപിക്കുന്നത്.
ഇതിന് പുറമെ എറണാകുളം ജില്ലയിലേക്ക് പ്രവേശിക്കുന്ന അരൂരിനപ്പുറമുള്ള കുമ്പളത്തെ നിലവിലെ ടോൾ പ്ലാസയും കൂടി ചേരുമ്പോഴാണ് ആകെ മൂന്ന് ടോൾ പ്ലാസകൾ കടന്നുപോകേണ്ടി വരുന്നത്. സാധാരണയായി ദേശീയപാതകളിൽ ശരാശരി 60 കിലോമീറ്റർ ഇടവിട്ടാണ് ടോൾ പ്ലാസകൾ സ്ഥാപിക്കാറുള്ളത്. എന്നാൽ ആലപ്പുഴ ജില്ലയിലൂടെയുള്ള പാതയിൽ ഏകദേശം 30 കിലോമീറ്റർ പരിധിയിൽ ഒരു ടോൾ പ്ലാസ എന്ന കണക്കിലാണ് പുതിയ നിർമ്മാണം നടക്കുന്നത്. ഓച്ചിറയ്ക്ക് സമീപമുള്ള കൃഷ്ണപുരത്ത് നിന്ന് തുടങ്ങി അരൂർ വരെ 96 കിലോമീറ്റർ ദൂരത്തിലാണ് ആലപ്പുഴ ജില്ലയിലൂടെ ദേശീയപാത കടന്നുപോകുന്നത്. നാല് റീച്ചുകളിലായാണ് ഈ പാതയുടെ നിർമ്മാണം പുരോഗമിക്കുന്നത്.