
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപരിപാടികളുടെ ഭാഗമായി കെ എസ് ആർ ടി സി ആരംഭിച്ച ‘പിങ്ക് ബസ്’- ലേഡീസ് ഒൺലി സർവീസിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ മന്ത്രി സി പി ജോൺ നിർവഹിച്ചു. തൊഴിൽ ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സ്ത്രീകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ടെക്‌നോപാർക്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വനിതകൾക്ക് രാത്രികാല യാത്രയിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി രാത്രി എട്ടിനും പത്തിനും പിങ്ക് ബസ് സർവീസുകൾ നടത്തും. വൈകാതെ മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും യാത്രക്കാരുടെ ആവശ്യങ്ങൾ വിലയിരുത്തി റൂട്ടുകളും സമയക്രമവും ശാസ്ത്രീയമായി നിശ്ചയിക്കുമെന്നും മന്ത്രി പറഞ്ഞു.