ശരീരം മൃതദേഹം പോലെ തണുപ്പിച്ചു, മുഖം മൊത്തം മൂടി, ജയിൽ ശിക്ഷ ഒഴിവാക്കാൻ മരണനാടകം, ഒടുവിൽ…


മദ്യപിച്ച് വാഹനമോടിച്ച കേസിൽ ജയിൽശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന ഭയത്താൽ സ്വന്തം മരണം വ്യാജമായി ചിത്രീകരിച്ച് ഒളിവിൽ പോയ യുവാവ് ഒടുവിൽ പിടിയിലായി. മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ അന്യാങിലാണ് സിനിമകളെപ്പോലും വെല്ലുന്ന സംഭവം നടന്നത്. ‘സി’ എന്ന് പേരുള്ള യുവാവാണ് കേസിൽ നിന്ന് രക്ഷപ്പെടാൻ ശവപ്പെട്ടി വരെ വാങ്ങി മരണ നാടകം കളിച്ചത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് മദ്യപിച്ച് വാഹനമോടിച്ചതിന് സി അറസ്റ്റിലാവുന്നത്. ലൈസൻസില്ലാതെ മദ്യപിച്ച് വാഹനമോടിച്ചതിന് മുൻപും രണ്ടുതവണ ശിക്ഷിക്കപ്പെട്ടിട്ടുള്ള ഇയാൾക്ക് പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു. എന്നാൽ, വീണ്ടും ശിക്ഷിക്കപ്പെട്ടാൽ ജീവിതം തകരുമെന്ന ഭയത്താൽ ഇയാൾ കുടുംബത്തിന്റെ സഹായത്തോടെ മരണം വ്യാജമായി ചിത്രീകരിക്കാൻ പദ്ധതിയിടുകയായിരുന്നു

Death & Tragedy

കഴിഞ്ഞ വർഷം ജൂണിൽ യുവാവ് ഒരു ശവപ്പെട്ടി വിലയ്ക്കു വാങ്ങി. വീട്ടിൽ വിഷമരുന്നുകളുടെ ശൂന്യമായ കുപ്പികൾ വിതറിയിടുകയും, ശരീരം തണുപ്പിക്കാനുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് മൃതദേഹം പോലെ തണുപ്പിക്കുകയും ചെയ്തു. മരുന്നിന്റെ വിഷാംശം കാരണം മുഖം വികൃതമായെന്ന് പറഞ്ഞ് കുടുംബാംഗങ്ങൾ ഇയാളുടെ തല തുണികൊണ്ട് മൂടിവെച്ചു. തുടർന്ന്, രാത്രിയാകുന്നതിന് മുൻപ് തന്നെ മാതാവും മുത്തശ്ശിയും ചേർന്ന് ഇയാളെ ശവപ്പെട്ടിയിലാക്കി ധൃതിയിൽ അടക്കം ചെയ്യുകയായിരുന്നു. ഇതിനുശേഷം സി തൊഴിൽ തേടി തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലേക്ക് രക്ഷപ്പെട്ടു

സി മരിച്ചെന്ന വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും മൃതദേഹം അടക്കം ചെയ്തിരുന്നതിനാൽ ഉദ്യോഗസ്ഥർക്ക് പരിശോധിക്കാൻ സാധിച്ചില്ല. എന്നാൽ അടിയന്തര വൈദ്യസഹായം തേടാതിരുന്നതും, മരണത്തിന് മുൻപേ ശവപ്പെട്ടി വാങ്ങിയതും പോലീസിൽ വലിയ സംശയമുണർത്തി.


തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആശുപത്രിയിൽ നിന്നുള്ള മരണ സർട്ടിഫിക്കറ്റോ, ശവദാഹം നടത്തിയതിന്റെ രേഖകളോ കണ്ടെത്താനായില്ല. മുഖം മൂടിവെച്ചിരുന്നതായും മാതാവിനും മുത്തശ്ശിക്കും മാത്രമേ മൃതദേഹം കാണാൻ അനുവാദമുണ്ടായിരുന്നുള്ളൂ എന്നും ഗ്രാമവാസികളും മൊഴി നൽകി. സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളും പരിശോധിച്ച പോലീസ് ഇയാൾ ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പിച്ചു.


ഏപ്രിലിൽ അറസ്റ്റിലായ സിക്ക് കോടതി അഞ്ച് മാസത്തെ തടവും 20,000 യുവാൻ (ഏകദേശം 2.5 ലക്ഷത്തോളം രൂപ) പിഴയും വിധിച്ചു. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് ഇയാളുടെ മാതാവിനും മുത്തശ്ശിക്കുമെതിരെ പോലീസ് ക്രിമിനൽ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.



Previous Post Next Post