
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിയുടെ കൈവശം നിന്ന് 28 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി. വയനാട് സ്വദേശിനിയായ അശ്വതിയെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. എണ്ണക്കുപ്പിയിലായിരുന്നു അശ്വതി ഹാഷിഷ് ഓയിൽ ഒളിപ്പിച്ചിരുന്നത്. മെഡിക്കൽ കോളജ് പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആശുപത്രിയിലെ 41-ാം വാർഡിൽ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. അശ്വതിയുടെ ഭർത്താവ് നിലവിൽ ജയിലിലാണെന്ന് പൊലീസ് അറിയിച്ചു. ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി എത്തുന്ന തടവുകാരുടെ കൈവശം ഭർത്താവിന് ലഹരി കൈമാറാനായിരുന്നു അശ്വതിയുടെ പദ്ധതിയെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം. സംഭവത്തിൽ അശ്വതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും ലഹരിവസ്തു എത്തിച്ച ഉറവിടവും മറ്റ് ബന്ധങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു