ഡൽഹിയിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ വൻ സംഘർഷം……


നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി (CJP) സംഘടിപ്പിച്ച ‘ചലോ സൻസദ്’ പാർലമെന്റ് മാർച്ചിൽ വൻ സംഘർഷം തുടരുന്നതിനിടെ, കേന്ദ്രമന്ത്രി ജെ.പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി സി.ജെ.പി പ്രതിനിധികൾ. സി.ജെ.പി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരാണ് കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തിയത്. രണ്ടു മണിക്കൂറിലേറെയുള്ള കാത്തിരിപ്പിനൊടുവിൽ മന്ത്രിയുടെ വസതിയിലായിരുന്നു 10 മിനിറ്റ് നീണ്ട കൂടിക്കാഴ്ച. സമരക്കാരുടെ പ്രധാന ആവശ്യങ്ങളടങ്ങിയ ഔദ്യോഗിക നിവേദനം നേതാക്കൾ മന്ത്രിക്കു കൈമാറി.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി, സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ അടിയന്തര മോചനം, ആത്മഹത്യ ചെയ്ത നീറ്റ് ഉദ്യോഗാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിച്ചത്. ഈ ആവശ്യങ്ങളിൽ സർക്കാരുമായി ആലോചിച്ച് തീരുമാനമെടുക്കാൻ സമയം വേണമെന്ന് ജെ.പി നഡ്ഡ അറിയിച്ചതായും, വിഷയം ആഭ്യന്തരമായി ചർച്ച ചെയ്യാമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായും സി.ജെ.പി വക്താവ് അശുതോഷ് രംഗ വ്യക്തമാക്കി. അതേസമയം, ഡൽഹിയിൽ പാർലമെന്റിലേക്ക് മാർച്ച് ചെയ്ത സി.ജെ.പി പ്രവർത്തകരും പോലീസും തമ്മിലുള്ള തെരുവ് യുദ്ധം തുടരുകയാണ്. പട്ടേൽ ചൗക്കിലും ശാസ്ത്രി ഭവന് സമീപവും വെച്ച് പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തിച്ചാർജും ജലപീരങ്കിയും കണ്ണീർവാതക പ്രയോഗവും നടത്തി. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികളെ പോലീസ് ക്രൂരമായി മർദിച്ചതായി സി.ജെ.പി നേതാക്കൾ ആരോപിച്ചു. സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി അങ്‌മോ ഉൾപ്പെടെയുള്ളവർക്ക് നേരെ പോലീസ് അതിക്രമം ഉണ്ടായതായും പരാതിയുണ്ട്. സംഭവസ്ഥലത്തുനിന്ന് സമാജ്‌വാദി പാർട്ടി നേതാവ് ഡിംപിൾ യാദവ് ഉൾപ്പെടെയുള്ള നിരവധി പ്രമുഖ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.

Previous Post Next Post