ഡോക്ടർ എം കെ റാമിനെ കോടതി വിട്ടയച്ച സംഭവം: ക്രൈം ബ്രാഞ്ചിന് ഗുരുതര വീഴ്ച




അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതിയായ അധ്യാപകൻ ഡോ. എം.കെ. റാമിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകി വിട്ടയച്ചു. തലശ്ശേരി കോടതി വളപ്പിൽ അരങ്ങേറിയ നാടകീയ രംഗങ്ങൾക്കും ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡി നടപടികൾക്കും ശേഷമാണ് ഒരു മണിക്കൂറിനുള്ളിൽ ഇയാളെ വിട്ടയച്ചത്.

സുപ്രീം കോടതിയുടെ മുൻകൂട്ടി നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഡോ. റാമിനെ അറസ്റ്റ് ചെയ്തതെന്നു ചൂണ്ടിക്കാട്ടി തലശ്ശേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇയാളെ നേരത്തെ വിട്ടയച്ചിരുന്നു. എന്നാൽ, കോടതി ഉത്തരവിനു പിന്നാലെ കോടതി വളപ്പിൽ വച്ചുതന്നെ ക്രൈം ബ്രാഞ്ച് സംഘം ഡോ. റാമിനെ ബലം പ്രയോഗിച്ച്  കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പൊലീസിന്റെ ഈ നീക്കം പൂർണ്ണമായും നിയമവിരുദ്ധമാണെന്ന് ഡോ. റാമിന്റെ അഭിഭാഷകൻ കുറ്റപ്പെടുത്തി. തന്നെ തള്ളിമാറ്റിയാണ് ഡോ. റാമിനെ പൊലീസ് ജീപ്പിലേക്ക് കയറ്റിക്കൊണ്ടുപോയതെന്ന് ഇയാളുടെ ഭാര്യയും ആരോപിച്ചു.

അതേസമയം, കോടതി വളപ്പിൽ നിന്ന് കസ്റ്റഡിയിൽ എടുത്തതല്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി നോട്ടീസ് നൽകാനായി കൂട്ടിക്കൊണ്ടു പോകുക മാത്രമാണ് ചെയ്തതെന്നുമാണ് ക്രൈം ബ്രാഞ്ചിന്റെ ഔദ്യോഗിക വിശദീകരണം.
Previous Post Next Post