ഫോൺ വിളിച്ച് ബസ് ഓടിച്ചു… ഡ്രൈവർക്കെതിരെ കേസ്…


മലപ്പുറം: കുറ്റിപ്പുറം ദേശീയപാതയിലൂടെ മൊബൈൽ ഫോൺ വിളിച്ച് ബസ് ഓടിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. മനുഷ്യജീവന് അപകടം വരുത്തുന്ന വിധം വാഹനമോടിച്ചതിനും മൊബൈൽ ഫോൺ ഉപയോഗിച്ച് ഡ്രൈവ് ചെയ്തതിനുമാണ് കേസ് രജിസ്റ്റർ ചെയ്തത്. ‘ശാസ്താ’ എന്ന പേരിലുള്ള ബസ് കുറ്റിപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തു. കുറ്റിപ്പുറത്ത് ബസ് അപകടം നടന്നതിന് പിന്നാലെയാണ് ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.

അതേസമയം, കഴിഞ്ഞ ദിവസം കുറ്റിപ്പുറത്തുണ്ടായ ബസ് അപകടത്തിന് കാരണം അമിതവേഗമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മണിക്കൂറിൽ 50 കിലോമീറ്റർ വേഗപരിധിയുള്ള സ്ഥലത്ത് ഏകദേശം 100 കിലോമീറ്റർ വേഗത്തിലാണ് ബസ് സഞ്ചരിച്ചിരുന്നതെന്ന് കണ്ടെത്തി. വളവും ചെരിവുമുള്ള റോഡിൽ ഡ്രൈവറുടെ അമിതവേഗമാണ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മഴയുണ്ടായിരുന്നതിനാൽ അക്വാപ്ലെയിനിങ്ങും അപകടത്തിന്റെ ആഘാതം വർധിപ്പിച്ചതായി മോട്ടോർ വാഹന വകുപ്പും പൊലീസും കണ്ടെത്തി. റോഡ് നിർമാണത്തിൽ അപാകതയുണ്ടോയെന്ന് ദേശീയപാത അതോറിറ്റിയും പരിശോധിക്കും. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവർ ചികിത്സയിൽ തുടരുകയാണ്

Previous Post Next Post