ലണ്ടൻ ഇംഗ്ലണ്ടിലെ സഫോക് കൗണ്ടിയിലെ ഡൺവിച് ഹീത്ത് മേഖലയിലുണ്ടായ കാട്ടുതീ വ്യാപകമായി പടർന്നതോടെ നൂറുകണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. സാഹചര്യം കണക്കിലെടുത്ത് അധികൃതർ "മേജർ ഇൻസിഡന്റ്' പ്രഖ്യാപിച്ചിട്ടുണ്ട്. സഫോക് ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ നേതൃത്വത്തിൽ നിരവധി ഫയർ എൻജിനുകളും 90 ലധികം അഗ്നിശമന സേനാംഗങ്ങളും സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്
സമീപപ്രദേശങ്ങളിലെ ചില വീടുകളിലുള്ളവരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. പലർക്കും അത്യാവശ്യ സാധനങ്ങൾ മാത്രം കൈയിലെടുത്ത് വീടുകൾ വിട്ടിറങ്ങേണ്ടിവന്നതായി ബ്രിട്ടിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തീപിടിത്തം സൈസ്‌വെൽ ബി ആണവനിലയത്തിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയാണെങ്കിലും നിലവിൽ ആണവ നിലയത്തിന് ഭീഷണിയില്ലെന്ന് അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അവർ വ്യക്തമാക്കി
ഡൺവിച് ഹീത്തും ആർഎസ്പിബി മിൻസ്മിയർ പ്രകൃതി സംരക്ഷണ കേന്ദ്രവും താൽക്കാലികമായി സന്ദർശകർക്കായി അടച്ചു.
പ്രദേശത്തേക്കുള്ള ചില റോഡുകളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പുക വ്യാപിക്കുന്ന മേഖലകളിൽ കഴിയുന്നവർ വീടുകളുടെ വാതിലും ജനലുകളും അടച്ചിടണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.