വടക്കുകിഴക്കൻ ഇന്ത്യയിൽ വീണ്ടും സുരക്ഷാസേനയ്ക്ക് നേരെ ഭീകരാക്രമണം. നാഗാലാൻഡിലെ ചുമുകെഡിമ ജില്ലയിലെ സുഖോവിക്ക് സമീപം, അസം റൈഫിൾസിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരു ജവാൻ വീരമൃത്യു വരിക്കുകയും നാല് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.

സ്ഫോടനത്തിൽ അസം റൈഫിൾസിന്റെ ഒരു ജവാൻ വീരമൃത്യു വരിച്ചതായി കോഹിമയിലെ ഡിഫൻസ് പബ്ലിക് റിലേഷൻസ് ഓഫീസർ (പി.ആർ.ഒ) സ്ഥിരീകരിച്ചു. ആക്രമണത്തിൽ സൈനിക വാഹനം പൂർണമായും തകർന്നതായും അധികൃതർ അറിയിച്ചു. ആക്രമണത്തിന് പിന്നിൽ ഐഇഡി സ്ഫോടനമാണെന്നാണ് പ്രാഥമിക നിഗമനം. അസം റൈഫിൾസിന്റെ പരിശീലന കേന്ദ്രത്തിന് സമീപത്താണ് സ്ഫോടനം ഉണ്ടായത്. പരുക്കേറ്റ നാല് ജവാന്മാരെ ഉടൻ സമീപത്തെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

സ്ഫോടനത്തിന്റെ യഥാർഥ കാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, തീവ്രവാദികൾ സ്ഥാപിച്ച ഐഇഡി ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ നിഗമനം. സംഭവത്തിന് പിന്നാലെ സുരക്ഷാസേന പ്രദേശം വളഞ്ഞ് വ്യാപക പരിശോധന ആരംഭിച്ചു.

ഒരാഴ്ചയ്ക്കിടെ വടക്കുകിഴക്കൻ മേഖലയിൽ അസം റൈഫിൾസിന് നേരെയുണ്ടാകുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്. ജൂലൈ 6-ന് മണിപ്പൂരിലെ ഉഖ്‌റുൽ ജില്ലയിൽ നടന്ന ഭീകരാക്രമണത്തിൽ രണ്ട് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കിയതായും ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതിനും സ്ഫോടനത്തിന്റെ ആസൂത്രണം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനുമായി പ്രത്യേക അന്വേഷണവും പുരോഗമിക്കുകയാണ്.