കനത്ത മഴ: ഇന്ന് വൈകിട്ട് കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ തുറക്കും… ജാഗ്രതാ നിർദേശം


ഇടുക്കി: കനത്ത മഴയെ തുടർന്ന് കല്ലാർകുട്ടി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ജലനിരപ്പ് അതിവേഗം ഉയരുന്ന സാഹചര്യത്തിൽ ഇന്ന് വൈകിട്ട് 6 മണി മുതൽ ഡാമിന്റെ ഷട്ടറുകൾ ഉയർത്താൻ ജില്ലാ കളക്ടർ അനുമതി നൽകി. നിലവിൽ ഡാമിലെ ജലനിരപ്പ് 455.20 മീറ്ററാണ്. ഡാമിന്റെ പരമാവധി സംഭരണശേഷി 456.60 മീറ്റർ ആണ്. മുൻകരുതൽ നടപടിയുടെ ഭാഗമായി ആവശ്യാനുസരണം ഷട്ടറുകൾ ഉയർത്തി 500 ക്യുമെക്സ് വരെ വെള്ളം പുറത്തേക്ക് ഒഴുക്കിവിടാൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അപേക്ഷ പരിഗണിച്ചാണ് ജില്ലാ കളക്ടർ ഉത്തരവിറക്കിയത്.

ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. ഡാം തുറക്കുന്നതിനാൽ മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ നിർദേശിച്ചു. അടിയന്തര സാഹചര്യം നേരിടുന്നതിനായി പൊലീസ്, ഫയർഫോഴ്സ്, റവന്യൂ, ആരോഗ്യ വകുപ്പ്, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്കും പ്രത്യേക ജാഗ്രതാ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു

Previous Post Next Post