
കോഴിക്കോട്: കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഗുരുതരമായ ചികിത്സാപ്പിഴവ് ഉണ്ടായതായി പരാതി. കുപ്പിച്ചില്ല് കൊണ്ട് കയ്യിൽ മുറിവേറ്റ ഒൻപത് വയസ്സുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു. ആദ്യഘട്ടത്തിൽ മുറിവിൽ തുന്നലിട്ടതിലുണ്ടായ ഗുരുതരമായ വീഴ്ചയാണ് കുട്ടിയുടെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ വീഴ്ച വരുത്തിയ ഡോക്ടർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി.
കഴിഞ്ഞ ഫെബ്രുവരി 15-നാണ് ഉള്ളിയേരി സ്വദേശിയായ ഒൻപതുവയസ്സുകാരന് കുപ്പിച്ചില്ല് കൊണ്ട് ഇടതുകയ്യിൽ മുറിവേൽക്കുന്നത്. അന്ന് വൈകുന്നേരം തന്നെ കുട്ടിയെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചു. മുറിവിൽ രണ്ട് തുന്നലുകൾ ഇട്ട ശേഷം, കൈ ഇളക്കാതെ വിശ്രമിക്കാൻ നിർദേശിച്ച് ആശുപത്രി അധികൃതർ കുട്ടിയെ വീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു. എന്നാൽ ഒരു മാസത്തോളം കഴിഞ്ഞിട്ടും കുട്ടിയുടെ വിരലിന് യാതൊരു ചലനവുമില്ലെന്ന് കണ്ടതോടെ മാതാപിതാക്കൾ വീണ്ടും ആശുപത്രിയെ സമീപിച്ചു. തുടർന്ന് പ്ലാസ്റ്റിക് സർജനെ കാണിക്കാനുള്ള നിർദേശപ്രകാരം ഏപ്രിൽ പത്തിന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടിയപ്പോഴാണ് വിരലിന്റെ ചലനശേഷി നഷ്ടപ്പെട്ട വിവരം കുടുംബം അറിയുന്നത്.
വിരലിന്റെ ചലനം വീണ്ടെടുക്കാൻ അടിയന്തര സർജറി വേണമെന്ന് മെഡിക്കൽ കോളജിലെ ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ, മുൻപ് ഹൃദയസംബന്ധമായ ഓപ്പറേഷൻ കഴിഞ്ഞ കുട്ടിയായതിനാൽ അനസ്തേഷ്യ നൽകുന്നതിനായുള്ള മെഡിക്കൽ ഫിറ്റ്നസ് ലഭിക്കാൻ വൈകി. ഒടുവിൽ കഴിഞ്ഞ ജൂൺ 11-നാണ് മെഡിക്കൽ കോളജിൽ വെച്ച് മുപ്പത്തിയെട്ട് തുന്നലുകളുള്ള സങ്കീർണ്ണമായ സർജറിക്ക് ഒൻപതുവയസ്സുകാരനെ വിധേയനാക്കിയത്. നിലവിൽ സർജറി കഴിഞ്ഞെങ്കിലും മുറിവുകൾ പൂർണ്ണമായി ഉണങ്ങിയ ശേഷം ഫിസിയോതെറാപ്പി കൂടി ചെയ്യണമെന്നും, എങ്കിലും വിരലിന്റെ ചലനശേഷി പൂർണ്ണമായി തിരികെ ലഭിക്കുമോ എന്ന് ഇപ്പോൾ ഉറപ്പു പറയാനാകില്ലെന്നുമാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. താലൂക്ക് ആശുപത്രിയിലെ ആദ്യ ചികിത്സയിൽ ഉണ്ടായ ഗുരുതരമായ അനാസ്ഥയാണ് കുട്ടിയുടെ ഈ ദുരവസ്ഥയ്ക്ക് കാരണമെന്നും കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ അടിയന്തര നടപടി വേണമെന്നുമാണ് മാതാപിതാക്കളുടെ ആവശ്യം