
കോട്ടയം: കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതകളെ തുടർന്ന് നാലംഗ കുടുംബം കൂട്ടത്തോടെ ആത്മഹത്യയ്ക്ക് ശ്രമിച്ച ദാരുണ സംഭവത്തിൽ ഗൃഹനാഥനും മരണത്തിന് കീഴടങ്ങി. ളാക്കാട്ടൂർ മറ്റപ്പള്ളി ചിറ്റപ്പുറത്ത് വീട്ടിൽ തോമസ് എബ്രഹാം ആണ് ഇന്ന് പുലർച്ചെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ ഈ കുടുംബത്തിലെ മരണസംഖ്യ മൂന്നായി. തോമസിന്റെ ഭാര്യ ജോസ്ന, മകൾ മരിയ തെരേസ എന്നിവർ ഞായറാഴ്ച മരണപ്പെട്ടിരുന്നു. ഗുരുതരാവസ്ഥയിലുള്ള മകൻ അലൻ നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
മണ്ണൂർപള്ളി – പൂവത്തിളപ്പ് റോഡിലെ മറ്റപ്പള്ളി ജങ്ഷനിൽ പ്രധാന റോഡിനോട് ചേർന്ന വീട്ടിൽ വെച്ചാണ് അച്ഛനും അമ്മയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ജൂലൈ 13-നായിരുന്നു സംഭവം. ജോസ്നയുടെ സഹോദരൻ പലതവണ ഫോണിൽ വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്ന് വീട്ടിലെത്തി നോക്കിയപ്പോഴാണ് നാലുപേരെയും അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും പരിശോധനയിൽ ഇവർ കീടനാശിനി ഉള്ളിൽ ചെന്ന നിലയിലാണെന്ന് വ്യക്തമാകുകയായിരുന്നു. സംഭവത്തിൽ പള്ളിക്കത്തോട് പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബത്തിന് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകളും കടബാധ്യതകളും സംബന്ധിച്ച വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്. കൂരോപ്പട സർവീസ് സഹകരണ ബാങ്കിലെ താൽക്കാലിക ജീവനക്കാരിയായിരുന്നു മരണപ്പെട്ട ജോസ്ന. ഇവർ സ്വകാര്യമായി ചിട്ടി നടത്തിയിരുന്നതായും ഇതുമായി ബന്ധപ്പെട്ട് ചില സാമ്പത്തിക ബാധ്യതകൾ ഉടലെടുത്തിരുന്നതായും നാട്ടുകാർ പറയുന്നു.