സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു : അഞ്ച് മാസത്തിനിടെ 1,053 കേസ്.




സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വർധിക്കുന്നു. കേരള പൊലീസിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ അഞ്ച് മാസത്തിനിടെ 1,053 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.2020ല്‍ 426 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കില്‍ 2022ല്‍ 773 കേസുകളായി. 2023ല്‍ 3,295 ആയും 2024ല്‍ 3,581 ആയും ഉയർന്നു. 2025ല്‍ കേസുകള്‍ 2,488 ആയി കുറഞ്ഞെങ്കിലും 2026 മേയ് വരെ 1,053 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കുറ്റകൃത്യങ്ങളുടെ വർധനവാണ് വ്യക്തമാക്കുന്നത്.

ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഡീപ്പ് ഫേക്ക് തട്ടിപ്പുകള്‍, വോയ്‌സ് ക്ലോണിങ് എന്നിവയിലൂടെ പണം നഷ്ടപ്പെടുന്ന കേസുകളും കൂടി വരുന്നുണ്ട്. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാൻ പൊലീസ് സൈബർ ഓപറേഷൻസിന്റെ കീഴില്‍ എ.ഐ ടാസ്ക് ഫോഴ്സ് രൂപവത്കരിച്ച്‌ പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്.
ഇതിന്‍റെ ഭാഗമായി മ്യൂള്‍ അക്കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ളവയുടെ വ്യാപനം തടയുന്നതിനും ഓപറേഷൻ സൈ-ഹണ്ട് എന്ന പേരില്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം തിരിച്ച്‌ പിടിക്കുന്നതിനും സ്പെഷല്‍ ഡ്രൈവുകളും നടന്നുവരുന്നു. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

പ്രായമായവരെയും സ്ത്രീകളെയും കുട്ടികളെയുമാണ് തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്. സൈബർ സ്പേസില്‍ സുരക്ഷിതമായി ഇടപെടുന്നതിനുള്ള അറിവും ജാഗ്രതയും നല്‍കുന്നതിനായി പൊലീസ് സൈബർ ഡിവിഷന്റെ നേതൃത്വത്തില്‍ ബോധവത്കരണ പ്രവർത്തനങ്ങള്‍ നടപ്പാക്കുന്നുണ്ട്. തട്ടിപ്പുകള്‍ കൈകാര്യം ചെയ്യുന്നതിന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനവും നല്‍കി വരുന്നു.
Previous Post Next Post