ഉമർഗാം: ഗുജറാത്തിലെ വൽസാദ് ജില്ലയിലുള്ള ഉമർഗാം താലൂക്കിലെ സഞ്ചാനിൽ സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ. ജ്വല്ലറിയിൽ മോഷണത്തിനായി കയറിയ രണ്ട് മോഷ്ടാക്കൾ നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ കടയ്ക്കുള്ളിൽ കുടുങ്ങി. പുറത്തിറങ്ങിയാൽ ജനക്കൂട്ടം മർദിക്കുമെന്ന ഭയത്തിൽ മോഷ്ടാക്കളിലൊരാൾ തന്നെ 112 എമർജൻസി നമ്പറിൽ വിളിച്ച് പോലീസിന്റെ സഹായം തേടിയതോടെ സംഭവം കൗതുകവാർത്തയായി മാറി.
സഞ്ചാനിലെ 'ബി.ആർ ജ്വല്ലറി' (BR Jewellery) എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തുകയറിയ പ്രതികൾ ആഭരണങ്ങളും പണവും ബാഗിൽ നിറയ്ക്കുകയായിരുന്നു. ഈ സമയം കടയ്ക്കുള്ളിൽ നിന്നുള്ള ശബ്ദം ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തി. മോഷ്ടാക്കൾ അകത്തുണ്ടെന്ന് ഉറപ്പുവരുത്തിയതോടെ നാട്ടുകാർ ഷട്ടർ പുറത്തുനിന്നും താഴ്ത്തി പൂട്ടിയിടുകയായിരുന്നു.
കടയ്ക്ക് പുറത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടിയതോടെ പരിഭ്രാന്തനായ ദിനേശ് സോൻകർ എന്ന മോഷ്ടാവ് തന്നെ പോലീസിന്റെ കൺട്രോൾ റൂം നമ്പറായ 112-ലേക്ക് വിളിച്ച് തങ്ങൾ ജ്വല്ലറിക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. നാട്ടുകാരിൽ നിന്നും മോഷ്ടാവിൽ നിന്നും ലഭിച്ച സന്ദേശത്തെ തുടർന്ന് ഉമർഗാം പോലീസ് ഇൻസ്പെക്ടർ എച്ച്. ഡി. തുവറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു.
ഉത്തർപ്രദേശ് സ്വദേശികളായ ദിനേശ് സോൻകർ (32), വിപിൻ പാഠക് (27) എന്നിവരാണ് അറസ്റ്റിലായത്. ഇവർ നിലവിൽ മുംബൈ മേഖലയിലെ ബോയ്സർ, നാലാസോപാര എന്നിവിടങ്ങളിലാണ് താമസിച്ചുവരുന്നത്. കടയുടമ മനീഷ് ശർമ്മയുടെ പരാതിയിൽ ബി.എൻ.എസ് (BNS) 331(4), 305(a), 54 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പോലീസ്, ഇവർക്ക് മറ്റ് മോഷണക്കേസുകളിൽ പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്.