ഇൻസ്റ്റഗ്രാം സൗഹൃദം, പിന്നാലെ പീഡനം.. 14കാരികളായ രണ്ട് വിദ്യാർഥിനികളെ പീഡിപ്പിച്ച യുവാവ് പിടിയിൽ


തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസ്സുള്ള രണ്ട് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ കൂവേരി സ്വദേശി കെ.വി. അനുരാജ് (23) ആണ് പോത്തൻകോട് പൊലീസിന്റെ പിടിയിലായത്. ഒമ്പതാം ക്ലാസ് വിദ്യാർഥിനികളെയാണ് പ്രതി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടത്. പ്രണയം നടിച്ച് ഇരുവരുടെയും നഗ്ന ദൃശ്യങ്ങൾ പകർത്തിയെന്നും പൊലീസ് പറയുന്നു. ആദ്യം ഒരു വിദ്യാർഥിനിയുമായി പരിചയത്തിലായ പ്രതി പിന്നീട് പെൺകുട്ടിയുടെ കൂട്ടുകാരിയുമായും ബന്ധം സ്ഥാപിച്ചു.

ഇരുവരോടും പ്രണയം നടിച്ച് ലൈംഗിക ബന്ധത്തിനായി കണ്ണൂരിൽ നിന്ന് പോത്തൻകോട് എത്തുകയായിരുന്നു. വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് ഒരു പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. തുടർന്ന് അതിജീവിതയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ച് കൂട്ടുകാരിയെയും വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇരുവരെയും പീഡിപ്പിച്ചശേഷം രാത്രി 12 മണിയോടെ വീട്ടുകാർ ഉറങ്ങിയ സമയത്താണ് പ്രതി വീട്ടിൽനിന്ന് കടന്നുകളഞ്ഞതെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ ഇരുവരുടെയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പ്രതി ബ്ലോക്ക് ചെയ്തു. പിന്നീട് പ്രതി മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായതോടെയാണ് സംഭവങ്ങൾ പുറത്തറിഞ്ഞത്. ആദ്യ പെൺകുട്ടിയുടെ വീട്ടുകാർ പോത്തൻകോട് പൊലീസിൽ പരാതി നൽകിയതോടെയാണ് രണ്ടാമത്തെ പെൺകുട്ടിയും സമാനമായ രീതിയിൽ പീഡിപ്പിക്കപ്പെട്ട വിവരം പുറത്തുവന്നത്. തുടർന്ന് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. കണ്ണൂരിലെത്തിയാണ് പോത്തൻകോട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്

Previous Post Next Post