72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്; ജലമേളയ്ക്കൊരുങ്ങി പുന്നമട...




ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട. ഇന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയില്‍ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. 

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമാണ് മുഖ്യാതിഥികളായി പങ്കെടുക്കുക.

ജലമേളയോട് അനുബന്ധിച്ച്‌ ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും ഇന്ന് അവധിയാണ്. പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. രാവിലെ ഒൻപത് മണി മുതല്‍ ആലപ്പുഴ നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഉണ്ടാകും. ജില്ലാ കോടതിപ്പാലത്തിൻ്റെ നിർമ്മാണ പ്രവൃത്തികള്‍ കൂടി നടക്കുന്നതിനാല്‍ 22ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് ആറുമണിവരെ കെഎസ്‌ആർടിസി ബസുകള്‍ ആലപ്പുഴ സ്റ്റാൻഡിലേക്ക് കടത്തിവിടില്ല. ജില്ലയിലെ എല്ലാ കെഎസ്‌ഇബി ഓഫീസുകള്‍ക്കും അവധിയായിരിക്കും. ക്യാഷ് കൗണ്ടറുകളും പ്രവർത്തിക്കുന്നതല്ല.

എറണാകുളം ഭാഗത്തുനിന്ന് വരുന്ന കെഎസ്‌ആർടിസി ബസുകള്‍ ശവക്കോട്ടപ്പാലം വടക്കേ ജംഗ്ഷനില്‍നിന്ന് കഴിക്കോട്ട് തിരിഞ്ഞ് മട്ടാഞ്ചേരി പാലം, വഴിച്ചേരി പാലം വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡില്‍ എത്തി ആളുകളെ ഇറക്കിയ ശേഷം വൈഎംസിഎ ജംഗ്ഷൻ, ജനറല്‍ ആശുപത്രി ജംഗ്ഷൻ വഴി തെക്കു ഭാഗത്തേക്ക് പോകണം. കൊല്ലം ഭാഗത്തുനിന്ന് വരുന്ന കെഎസ്‌ആർടിസി ബസുകള്‍ ജനറല്‍ ആശുപത്രി ജംഗ്ഷൻ, വൈഎംസിഎ ജംഗ്ഷൻ വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡില്‍ എത്തി ആളുകളെ ഇറക്കിയ ശേഷം ശവക്കോട്ടപ്പാലം തെക്കേ ജംഗ്ഷൻ വഴി എറണാകുളം ഭാഗത്തേക്ക് പോകണം. ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിലൂടെ വരുന്ന കെഎസ്‌ആർടിസി ബസുകളില്‍ ആലപ്പുഴ സ്റ്റാൻഡില്‍ യാത്ര അവസാനിപ്പിക്കേണ്ടവ കൈതവന ജംഗ്ഷനില്‍നിന്ന് പഴവീട്, കൊട്ടാരം ജംഗ്ഷനിലെത്തി ആളുകളെയിറക്കിയ ശേഷം ജനറല്‍ ആശുപത്രി തെക്കേ ജംഗ്ഷൻ, ചങ്ങനാശ്ശേരി ജംഗ്ഷൻ വഴി തിരികെ പോകണം. നെഹ്റു ട്രോഫി വള്ളംകളി കാണാൻ എത്തുന്നവർ അവരുടെ വാഹനങ്ങള്‍ റിക്രിയേഷൻ ഗ്രൗണ്ടിലും ആലപ്പുഴ ബീച്ച്‌ പോലീസ് എയ്‌ഡ്‌ പോസ്റ്റിന് തെക്കുവശം എലിവേറ്റഡ് ബൈപ്പാസിന് താഴെയും പാർക്ക് ചെയ്യണം. ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്തുനിന്ന് നിശ്ചിത ഇടവേളകളില്‍ ബോട്ട് ജെട്ടി ഭാഗത്തേക്ക് കെഎസ്‌ആർടിസി ഫീഡർ ബസ് സർവീസ് നടത്തും.
Previous Post Next Post