സുഹൃത്തിനൊപ്പം തിയേറ്ററിൽ രാത്രി 7.30നുള്ള ഷോ കാണാൻ എത്തി.. സിനിമ അവസാനിക്കാറായ സമയത്ത് എന്തോ കടിച്ചു…നോക്കിയപ്പോൾ..



സിനിമ കാണുന്നതിനിടയിൽ തിയേറ്ററിൽ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട യുവാവിന് 15,000 രൂപ നഷ്ടപരിഹാരവും 3,000 രൂപ കോടതിച്ചെലവും നൽകാൻ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. തിയേറ്റർ മാനേജ്മെന്റിന് എതിരെയുള്ള ഹർജി പരിഗണിച്ചാണ് വിധി. കമ്മീഷൻ പ്രസിഡന്റ് കെ കൃഷ്ണൻ, അംഗം കെജി ബീന എന്നിവർ തിയേറ്ററിനുള്ളിൽ എലിയുടെ കടിയേറ്റ സംഭവം ഗൗരവമേറിയ പ്രശ്‌നമാണെന്ന് നിരീക്ഷിച്ചു. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് തിയേറ്റർ മാനേജ്മെന്റിന്റെ ഉത്തരവാദിത്തമാണെന്നും കമ്മീഷൻ വ്യക്തമാക്കി.

എതിർകക്ഷിയുടെ ഭാഗത്തുനിന്ന് സേവനത്തിൽ ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ട്. പരാതിക്കാരന് മാനസിക ബുദ്ധിമുട്ടും വേദനയും അനുഭവപ്പെട്ടു. ചികിത്സയ്ക്കായി അദ്ദേഹത്തിന് പണം ചെലവഴിക്കേണ്ടി വന്നു. അതിനാൽ നഷ്ടപരിഹാരത്തിന് അദ്ദേഹം അർഹനാണെന്നും ഉത്തരവിൽ പറയുന്നു.

സുഹൃത്തിനൊപ്പം കാസർകോട്ടെ തിയേറ്ററിൽ രാത്രി 7.30നുള്ള ഷോ കാണാൻ എത്തിയതായിരുന്നു പരാതിക്കാരൻ. സിനിമ അവസാനിക്കാറായ സമയത്ത് എലി കടിക്കുകയായിരുന്നുവെന്ന് അദ്ദേഹം പരാതിപ്പെട്ടു. ഉടൻ തന്നെ തിയേറ്റർ കൗണ്ടറിൽ വിവരം അറിയിച്ചെങ്കിലും ജീവനക്കാർ ഇത് കാര്യമായി എടുത്തില്ല. തുടർന്ന് ആശുപത്രിയിലെത്തിയ അദ്ദേഹത്തിന് ഡോക്ടറുടെ നിർദ്ദേശപ്രകാരം ടെറ്റനസ് കുത്തിവെപ്പും പേവിഷബാധയ്ക്കെതിരെയുള്ള വാക്സിനും എടുത്തു.


ചികിത്സയ്ക്കായി 1,500 രൂപ ചെലവായെന്നും തിയേറ്റർ മാനേജർ 1,000 രൂപ മാത്രമാണ് തന്നതെന്നും പരാതിക്കാരൻ പറഞ്ഞു. തുടർ ചികിത്സാച്ചെലവുകൾ നൽകണമെന്നാവശ്യപ്പെട്ട് മാനേജ്മെന്റിനെ സമീപിച്ചെങ്കിലും അവഗണിച്ചു. തുടർന്നാണ് 20,000 രൂപ നഷ്ടപരിഹാരം തേടി കമ്മീഷനെ സമീപിച്ചത്.


പരാതി വ്യാജമാണെന്നും പരാതിയിൽ പറയുന്ന ദിവസം പരാതിക്കാരൻ തിയേറ്ററിൽ വന്നിട്ടില്ലെന്നും മാനേജ്മെന്റ് വാദിച്ചു. കൗണ്ടറിലൂടെയോ മറ്റോ എലി കടിച്ചതായി ആരും അറിയിച്ചിട്ടില്ലെന്നും കഴിഞ്ഞ ഒമ്പത് വർഷമായി വളരെ വൃത്തിയായി പ്രവർത്തിക്കുന്ന തിയേറ്ററിനെതിരെ ഇതുവരെ ഇത്തരം പരാതികൾ ഉണ്ടായിട്ടില്ലെന്നും അവർ അവകാശപ്പെട്ടു.

أحدث أقدم