ഹരിപ്പാട് തീരത്ത് കടലാക്രമണം രൂക്ഷം... തീരദേശ റോഡ്...





ആലപ്പുഴ: കാലവർഷ മഴയും കടലാക്രമണവും രൂക്ഷമായതോടെ ഹരിപ്പാട് ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ തീരദേശ ജനത കടുത്ത ദുരിതത്തിൽ. ശക്തമായ തിരമാലകൾ തീരദേശ റോഡുകളെ വിഴുങ്ങിയതോടെ ഗതാഗതവും ദൈനംദിന ജീവിതവും താറുമാറായി. ശനിയാഴ്ച പുലർച്ചെയുണ്ടായ കനത്ത കാറ്റിലും മഴയിലും തൃക്കുന്നപ്പുഴ പ്രണവം ജങ്ഷനും മൂത്തേരിക്കുമിടയിൽ 15 വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞുവീണു. രാവിലെ മുതൽ കടലാക്രമണം ശക്തമായതോടെ തീരദേശ റോഡിൽ മണൽ നിറയുകയും ഗതാഗതം ദുഷ്‌കരമാകുകയും ചെയ്തു.

പ്രണവം ജങ്ഷനിൽ ജലജീവൻ മിഷൻ പദ്ധതിക്കായി റോഡരികിൽ സൂക്ഷിച്ചിരുന്ന പൈപ്പുകൾ ശക്തമായ തിരമാലയിൽ റോഡിലാകെ ചിതറിക്കിടക്കുകയാണ്. മംഗലം, കുറിച്ചിക്കൽ മേഖലകളിൽ തീരദേശ റോഡ് ഉയർന്നതിനാൽ കടൽവെള്ളം ഒഴുകിപ്പോകാൻ കഴിയാതെ വീടുകൾക്കും പരിസര പ്രദേശങ്ങൾക്കും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കടൽ ഭിത്തി ഇല്ലാത്ത മംഗലം, പത്തിശ്ശേരി മേഖലകളിലാണ് കടൽക്ഷോഭം ഏറ്റവും കൂടുതൽ നാശനഷ്ടം വിതയ്ക്കുന്നത്. തീരദേശ ദുരിതത്തിൽ പ്രതിഷേധിച്ച് മംഗലം ഭാഗത്ത് നാട്ടുകാർ റോഡിന് കുറുകെ വലകെട്ടി ഗതാഗതം തടഞ്ഞു. എന്നാൽ പ്രശ്നപരിഹാരത്തിനായി റവന്യൂ, പൊലീസ്, പഞ്ചായത്ത് അധികൃതർ ഇതുവരെ ഇടപെട്ടിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.

വലിയഴീക്കൽ പാലം വഴിയുള്ള ഗതാഗതം ആരംഭിച്ചതോടെ തീരദേശ റോഡ് ഉപയോഗിച്ചിരുന്ന ചരക്കുലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇപ്പോൾ ഗതാഗതക്കുരുക്കിൽപ്പെടുകയാണ്. സമാന്തര റോഡുകളിലും കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി പുറത്തിറങ്ങിയവർക്ക് വീടുകളിലേക്ക് മടങ്ങാൻ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.
Previous Post Next Post