കോട്ടയം : സംസ്ഥാനത്ത് കോടികളുടെ മണി ചെയിൻ തട്ടിപ്പ്, ഇരയായത് ആയിരത്തോളം പേര്‍
തിരുവനന്തപുരം: ഓണ്‍ലൈൻ ആപ്പില്‍ നോവല്‍ വായിച്ചാല്‍ പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് കോടികളുടെ തട്ടിപ്പ്.
അറുപതിനായിരം രൂപ വരെ നിക്ഷേപിച്ച് ആപ്പില്‍ ലഭിക്കുന്ന ഇംഗ്ലീഷ് നോവല്‍ വായിച്ചാല്‍ പണം തിരികെ കിട്ടുമെന്ന ഓഫറില്‍ ആയിരത്തോളം പേരാണ് വീണത്. വീട്ടമ്മമാരെ ലക്ഷ്യമിട്ട് മണി ചെയിൻ മാതൃകയിലായിരുന്നു തട്ടിപ്പ് നടത്തിയത്.
ഓണ്‍ലൈൻ തട്ടിപ്പിന്റെ പുതിയ അവസ്ഥാന്തരമായ ഈ ആപ്പ് വഴിയുള്ള വാഗ്ദാനത്തില്‍ വീണ് പന്ത്രണ്ട് ലക്ഷം രൂപ വരെ നഷ്ടമായവരുണ്ട്. ജോലിയില്ലാതെ ബുദ്ധിമുട്ടിലായിരുന്ന മടത്തറ സ്വദേശി 'എൻടിഎല്‍' എന്ന ആപ്പില്‍ ചേർന്നതോടെയാണ് തട്ടിപ്പിന്റെ ലിങ്ക് തുറക്കുന്നത്. ആപ്പില്‍ വരുന്ന ഇംഗ്ലീഷ് നോവലുകള്‍ സ്‌ക്രോള്‍ ചെയ്തുപോയാല്‍ പണം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. തുടക്കത്തില്‍ കുറച്ചുതുക കിട്ടിയതോടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ കൂടുതല്‍ ഓഫറുകള്‍ വന്നു. പണം കിട്ടിയവർ മറ്റുള്ളവരെയും ആപ്പില്‍ ചേർത്തു. എന്നാല്‍ പിന്നീട് പണം വരാതാവുകയും നോവലോ ടാസ്‌കോ ഇല്ലാതെ ആപ്പ് പൂട്ടിപ്പോവുകയുമായിരുന്നു. ഇതിനെതിരെ പരാതിപ്പെട്ടാല്‍ ഭീഷണിയും ഉയർന്നിരുന്നു.
തിരുവനന്തപുരം ജില്ലയുടെ വടക്കൻ മേഖലയില്‍ മാത്രം നൂറുകണക്കിന് പേരാണ് ഈ തട്ടിപ്പിന് ഇരയായത്. വിതുര മേഖലയില്‍ സനോഫർ എന്നയാളാണ് കൂടുതല്‍ പേരെയും തട്ടിപ്പ് ആപ്പില്‍ ചേർത്തത്. മണി ചെയിൻ മോഡല്‍ രീതിയിലാണ് ഇത് പ്രവർത്തിച്ചത്. വീട്ടിലിരുന്ന് വായിച്ചാല്‍ എളുപ്പവഴിയില്‍ പണം വരുമെന്ന വാഗ്ദാനം നല്‍കി മറ്റ് ജില്ലകളിലും സമാന രീതിയിലുള്ള തട്ടിപ്പ് നടന്നെന്നാണ് നിഗമനം.