
തിരുവനന്തപുരം: വള്ളക്കടവിൽ ട്യൂഷൻ അധ്യാപികയുടെ മാല തട്ടിപ്പറിച്ചശേഷം ബൈക്കിൽ രക്ഷപ്പെട്ട രണ്ടുപേരെ വലിയതുറ പോലീസ് അറസ്റ്റുചെയ്തു. പത്തനംതിട്ട സീതത്തോട് കോട്ടമൺപ്പാറ ഇലവുങ്കൽ വീട്ടിൽ നന്ദു(19), പത്തനംതിട്ട ചിറ്റാർ മാൻപീലിക്കാവ് ക്ഷേത്രത്തിന് സമീപം പടിഞ്ഞാറെ ചെരുവിൽ അദ്വൈത് (19) എന്നിവരെയാണ് അറസ്റ്റുചെയ്ത്. വള്ളക്കടവ് വയ്യാമൂല സ്വദേശിയായ കുമാരി ഷീലയുടെ(64) ഒരുപവന്റെ സ്വർണമാലയാണ് ബൈക്കിലെത്തിയ ഇവർ പൊട്ടിച്ചെടുത്ത് കടന്നത്.
18-ാം തീയതി രാത്രി എട്ടുമണിയോടെ വള്ളക്കടവ് ഗാന്ധി നഗറിന് സമീപമായിരുന്നു സംഭവം. വള്ളക്കടവ് ഭാഗത്തെ വീടുകളിൽ ട്യൂഷൻ എടുത്തശേഷം അധ്യാപിക വയ്യാമൂലയിലെ വീട്ടിലേക്ക് പോകുകയായിരുന്നു. റോഡരികത്ത് ബൈക്കിൽ ഹെൽമറ്റ് ധരിച്ചുനിന്ന യുവാക്കൾ കുമാരി ഷീല നടന്നുവരുന്ന സമയത്ത് പിന്നിലെത്തി മാലപൊട്ടിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് നഗരം വഴി, കാട്ടാക്കട, കൊല്ലം, എറണാകുളം വഴി തൃപ്പൂണിത്തറയിലേക്ക് കടക്കുകയായിരുന്നു.