
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം. സംഭവത്തിൽ തടവുകാരൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. ചെരിപ്പ് തുളച്ച് ദ്വാരമുണ്ടാക്കിയ ശേഷം ചെറിയ കവറിലാക്കിയാണ് ഹാഷിഷ് ഓയിൽ ഒളിപ്പിച്ചിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ലഹരി കണ്ടെത്തിയത്.
സന്ദർശകരെന്ന വ്യാജേന തടവുകാരനെ കാണാനെത്തിയ രണ്ടംഗ സംഘമാണ് ഹാഷിഷ് ഓയിൽ കൊണ്ടുവന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇവർ തടവുകാരനുമായി ഫോണിലൂടെയാണ് ആശയവിനിമയം നടത്തിയിരുന്നത്. ഫോൺ സംഭാഷണങ്ങളും അന്വേഷണത്തിൽ തെളിവായി ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ തടവുകാരൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. അതേസമയം, കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ലഹരിവസ്തുക്കളും മൊബൈൽ ഫോണുകളും ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കൾ കടത്തുന്നതുമായി ബന്ധപ്പെട്ട് മുൻപും നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജയിലിന് പുറത്തുനിന്ന് മതിലുകൾക്ക് മുകളിലൂടെ ബീഡി, സിഗരറ്റ്, മദ്യം തുടങ്ങിയവ അകത്തേക്ക് എറിഞ്ഞുനൽകിയ സംഭവങ്ങളും നേരത്തെ ഉണ്ടായിട്ടുണ്ട്.