ശബരിമല ചിങ്ങമാസ പൂജ, ഓണം പൂജ… കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകൾ


തിരുവനന്തപുരം: ശബരിമലയിലെ ചിങ്ങമാസ പൂജ, ഓണം പൂജ എന്നിവയോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ യാത്ര സുഗമവും സുരക്ഷിതവുമാക്കാൻ വിപുലമായ യാത്രാ ക്രമീകരണങ്ങളുമായി കെഎസ്ആർടിസി. ഓഗസ്റ്റ് 16 മുതൽ 28 വരെ വിവിധ കെഎസ്ആർടിസി യൂണിറ്റുകളിൽ നിന്ന് പമ്പയിലേക്കും തിരിച്ചും പ്രത്യേക സർവീസുകൾ നടത്തും. തിരുവനന്തപുരം, ചെങ്ങന്നൂർ, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് പമ്പയിലേക്ക് ആവശ്യാനുസരണം സർവീസുകൾ ലഭ്യമാകും.

ട്രെയിൻ മാർഗം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെത്തുന്ന അയ്യപ്പഭക്തരുടെ തിരക്ക് പരിഗണിച്ച് ചെങ്ങന്നൂർ-പമ്പ റൂട്ടിൽ ഏത് സമയത്തും ആവശ്യാനുസരണം സർവീസ് ക്രമീകരിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പമ്പയിൽ നിന്ന് ചെങ്ങന്നൂരിലേക്കും യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് സർവീസുകൾ ഉണ്ടാകും. തീർഥാടകരുടെ യാത്ര കൂടുതൽ സുഗമമാക്കുന്നതിനായി നിലയ്ക്കൽ-പമ്പ ചെയിൻ സർവീസുകളും വിപുലമായി ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ ആവശ്യാനുസരണം ബസുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. തിരക്ക് വർധിക്കുന്ന ദിവസങ്ങളിൽ ഭക്തരുടെ ആവശ്യാനുസരണം സമീപ കെഎസ്ആർടിസി യൂണിറ്റുകളിൽ നിന്ന് അധിക സർവീസുകൾ ക്രമീകരിക്കാനും സംവിധാനമുണ്ട്. തീർഥാടകരുടെ തിരക്കും യാത്രാ ആവശ്യവും നിരന്തരം വിലയിരുത്തി ആവശ്യമായ അധിക സർവീസുകൾ ഏർപ്പെടുത്തുമെന്നും കെഎസ്ആർടിസി അറിയിച്ചു.

ബന്ധപ്പെടേണ്ട നമ്പറുകൾ…


കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കുമായി വിവിധ യൂണിറ്റുകളുമായും കൺട്രോൾ റൂമുമായും ബന്ധപ്പെടാവുന്നതാണ്. കെഎസ്ആർടിസി പമ്പ: 04735203445, 9497024092. കെഎസ്ആർടിസി ചെങ്ങന്നൂർ: 9188933750. കെഎസ്ആർടിസി
പത്തനംതിട്ട: 9188933744. 24 മണിക്കൂറും പ്രവർത്തിക്കുന്ന കെഎസ്ആർടിസി കൺട്രോൾ റൂം: 9447071021, 04712463799.

Previous Post Next Post