കെഎസ്ആർടിസി ഡീലക്സ് ബസിന് നേരെ മുട്ടയെറിഞ്ഞ സംഭവം; അട്ടിമറി സംശയിച്ച് പൊലീസിൽ പരാതി നൽകി


കർണാടകയിൽ എക്സ്പ്രസ് ഹൈവേയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ഡീലക്സ് ബസിന് നേരെ മുട്ടയേറ്. കാഴ്ച മറഞ്ഞിട്ടും നിയന്ത്രണം നഷ്ടപ്പെടാതെ ഡ്രൈവർ ബസ് ഒതുക്കി നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. സംഭവത്തിൽ അട്ടിമറി സംശയിച്ച് കെഎസ് ആർടിസി ബിഡദി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

ഇന്നലെ രാവിലെ ഒമ്പതേകാലിനായിരുന്നു സംഭവം. കോഴിക്കോട് നിന്ന് ബംഗ്ലൂരൂവിലേക്ക് തിരിച്ചതാണ് കെഎസ്ആർടിസി ഡീലക്സ് ബസ്. എക്സ്പ്രസ് ഹൈവേയിലൂടെ പോകുന്നതിനിടെ ബിഡദിയിൽ വെച്ച് മുൻവശത്തെ ചില്ലിന് നേരെ മൂന്ന് മുട്ട ഏറിയുകയായിരുന്നു. കാഴ്ച മറക്കും വിധം രണ്ട് ചില്ലും മലിനമായി. മനസാന്നിദ്ധ്യം കൈവിടാതെ ഡ്രൈവർ വേഗത കുറച്ച് ബസ് ഒതുക്കി നിർത്തി. ഇത് മൂലം വൻ അപകടം ഒഴിവായി. ബസിൽ അറുപതിലേറെ യാത്രക്കാർ ഉണ്ടായിരുന്നു

സംഭവത്തിന് പിന്നിൽ അട്ടിമറിയെന്ന് സംശയം ഉയർന്നു. ഇതോടെയാണ് കെഎസ് ആർടിസി ബിഡദി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അന്വേഷണം ആവശ്യപ്പെട്ട് കർണാടക ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. മുമ്പ് ഇതേ റോഡിൽ വെച്ച് സ്വകാര്യ വാഹനങ്ങൾക്ക് നേരെയും നിരവധി തവണ മുട്ടയേറ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ബാംഗ്ലൂരിൽ നിന്ന് ലോഡ് എടുത്തു കോഴിക്കോട്ടേക്ക് മടങ്ങവേ, ലോറിയുടെ ഗ്ലാസ്സിലേക്ക് മുട്ട എറിഞ്ഞെന്ന് കോഴിക്കോട് സ്വദേശി നിസാം പറഞ്ഞു. ആക്രമിക്കാനുള്ള ശ്രമം ആയിരുന്നു എന്നും വണ്ടി നിർത്താതെ പോന്നത് കൊണ്ട് രക്ഷപ്പെട്ടു എന്നാണ് നിസാം പറയുന്നത്.

Previous Post Next Post