സ്വന്തം ജാക്കറ്റ് എനിക്ക് തന്നു, അവൻ ഒഴുക്കിൽപ്പെട്ടു’…. ഒഴുക്കിൽപ്പെട്ട രാജേഷിന്റെ…

കണ്ണൂർ: ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം കല്ലിയൂർ സ്വദേശി ആർ. രാജേഷിനായി (36) തിരച്ചിൽ തുടരുന്നു. കുടുങ്ങിക്കിടന്ന ഒരാളെ സുരക്ഷിതമായി രക്ഷപ്പെടുത്തി കരയിലേക്ക് എത്തിക്കുന്നതിനിടെയാണ് രാജേഷ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനത്തിൽ രാജേഷിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് മനു, സംഭവം കണ്ണുമുന്നിൽ നടന്നതായും ഒന്നും ചെയ്യാനാകാതെ നോക്കി നിൽക്കേണ്ടിവന്നതായും പറഞ്ഞു.


ആളുകളെ രക്ഷിക്കാമെന്ന് പറഞ്ഞാണ് രാജേഷ് ഓടിപ്പോയത്. നിമിഷനേരം കൊണ്ട് എല്ലാം മാറിമറിഞ്ഞു. നിരവധി പേരുടെ ജീവൻ രക്ഷിച്ചിട്ടുള്ള ആളാണ് രാജേഷ്. ഈ അപകടവും അതിജീവിച്ച് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ, മനു പ്രതികരിച്ചു. രാജേഷ് രക്ഷപ്പെടുത്തിയ ബെന്നിയും സംഭവത്തിന്റെ നിർണായക നിമിഷങ്ങൾ വിവരിച്ചു. കൃഷിയിടത്തിൽ കുടുങ്ങിയ തനിക്ക് രക്ഷാപ്രവർത്തകർ കയറുമായി എത്തിയെന്നും, രാജേഷ് ധരിച്ചിരുന്ന ലൈഫ് ജാക്കറ്റ് ഊരി തന്നെ ധരിപ്പിച്ച ശേഷമാണ് രക്ഷിച്ചതെന്നും ബെന്നി പറഞ്ഞു. കയറിൽ പിടിച്ച് ഞാൻ കരയിലേക്ക് എത്തിയപ്പോൾ രാജേഷ് ശക്തമായ ഒഴുക്കിൽപ്പെട്ടു. എല്ലാം നിമിഷങ്ങൾക്കുള്ളിലായിരുന്നു, ബെന്നി പറഞ്ഞു

മീന്തുള്ളി വാട്ടർഫാൾസിലെ റെപ്പല്ലിംഗ് ഇൻസ്ട്രക്ടറായ രാജേഷും സുഹൃത്തുക്കളും ഓഗസ്റ്റ് 1-ന് വൈകിട്ട് മീന്തുള്ളി തുരുത്തിൽ ഒരാൾ ഒറ്റപ്പെട്ടതായി അറിഞ്ഞതിനെ തുടർന്ന് രക്ഷാപ്രവർത്തനത്തിനിറങ്ങുകയായിരുന്നു. കരകവിഞ്ഞൊഴുകുന്ന പുഴ നീന്തിക്കടന്ന് തുരുത്തിലെത്തിയ സംഘം, ബെന്നിയെ സുരക്ഷിതമായി തിരിച്ചയക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബെന്നിയെ സ്വന്തം ലൈഫ് ജാക്കറ്റ് ധരിപ്പിച്ച് കയറിൽ പിടിപ്പിച്ച് കരയിലേക്ക് അയച്ച ശേഷം മടങ്ങുന്നതിനിടെ കുത്തൊഴുക്കിന്റെ ശക്തിയിൽ രാജേഷിന് കയറിലെ പിടി നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ഒഴുക്കിൽപ്പെട്ട രാജേഷിനെ കണ്ടെത്താൻ വിവിധ സേനകളുടെ നേതൃത്വത്തിൽ വ്യാപക തിരച്ചിൽ തുടരുകയാണ്. പ്രദേശത്ത് ശക്തമായ മഴയും പുഴയിലെ കുത്തൊഴുക്കും തുടരുന്നതിനാൽ തിരച്ചിൽ ദുഷ്‌കരമായ സാഹചര്യത്തിലാണ് നടക്കുന്നത്.

أحدث أقدم