മുത്തശ്ശി തിരോധാനത്തിൽ മൊഴി നൽകിയ കൊച്ചുമകനെ….


        

സുൽത്താൻബത്തേരി: വടക്കനാട് പള്ളിവയൽ പണിയ ഉന്നതിയിലെ തങ്കി എന്ന തങ്കിമരത്തി (64)യുടെ തിരോധാനത്തിൽ അന്വേഷണം തുടരുന്നതിനിടെ കൊച്ചുമകനെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളക്കെട്ട് ഉന്നതിയിലെ തങ്കിമരത്തിയുടെ മകളുടെ മകൻ സുധീഷ് എന്ന മുരളി (29)യെയാണ് വീടിന് സമീപത്തെ തൊടിയിൽ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

തങ്കിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ച പോലീസ് മുരളിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് പോയ മുരളിയെ കാണാതായതായി കുടുംബം പറയുന്നു. തങ്കിയുടെ മകൾ ശാന്തയുടെ മകനാണ് മുരളി. കഴിഞ്ഞ 30നാണ് തങ്കിയെ കാണാതായത്. ഇവരെ കണ്ടെത്തുന്നതിനായി ഏതാനും ദിവസങ്ങൾക്ക് മുമ്പ് പോലീസിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് പ്രദേശത്തെ തോട്ടങ്ങളിലും വനമേഖലയിലും വ്യാപക തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ തങ്കിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മുരളിയെ കാണാതായതിനെ തുടർന്ന് പോലീസിൽ പരാതി നൽകുമെന്ന് പിതാവ് രാജൻ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തങ്കിയുടെ തിരോധാനവും കൊച്ചുമകന്റെ മരണവും തമ്മിൽ ബന്ധമുണ്ടോയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.

Law Enforcement

Previous Post Next Post