ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം…. ഭർത്താവ്….



മലപ്പുറം: പുറത്തൂർ പടിഞ്ഞാറേക്കര തിരൂർപ്പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ. അമ്പലപ്പടി അണ്ടിപ്പാട്ടിൽ ഹുസൈനെയാണ് പൊലീസ് പിടികൂടിയത്. തിരൂരിൽ നിന്ന് പരപ്പനങ്ങാടിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ പൂക്കയിൽ വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. 37കാരിയായ ഫൗസിയയാണ് കൊല്ലപ്പെട്ടത്. മൊബൈൽ ഫോൺ ഓഫാക്കി പ്രതി കണ്ണൂരിലേക്ക് കടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് പ്രതിയെ തിരിച്ചറിഞ്ഞ ഒരാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ പിടികൂടിയത്.

ഫൗസിയയുടെ കഴുത്തിൽ വരിഞ്ഞുമുറുക്കിയ പാടുകൾ ഉണ്ടായിരുന്നതായി ഇൻക്വസ്റ്റ് പരിശോധനയിൽ വ്യക്തമായിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്തതിന് ശേഷമേ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഫൗസിയയുടെ മൃതദേഹം ചാക്കിൽ കെട്ടി പുഴയിൽ താഴ്ത്തിയ നിലയിൽ കണ്ടെത്തിയത്. പടിഞ്ഞാറേക്കര ബോട്ടുജെട്ടിയിൽനിന്ന് മത്സ്യബന്ധനത്തിനായി ബോട്ട് കടലിലേക്ക് ഇറക്കുന്നതിനിടെ നങ്കൂരം ഉയർത്തുമ്പോഴാണ് ചാക്ക് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ചാക്കിനുള്ളിൽ യുവതിയുടെ മൃതദേഹമാണെന്ന് കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ചെ കടലിൽ വലയിട്ടപ്പോൾ മീൻ കുടുങ്ങിയെന്നും അത് എടുക്കാൻ കൂടെ വരണമെന്നും പറഞ്ഞാണ് ഉറങ്ങിക്കിടന്ന ഫൗസിയയെ ഹുസൈൻ വിളിച്ചുണർത്തി കൊണ്ടുപോയതെന്ന് മക്കൾ പൊലീസിനോട് പറഞ്ഞു. രാവിലെ ഇരുവരെയും കാണാതായപ്പോൾ ജോലിക്ക് പോയതാകുമെന്നാണ് മക്കൾ കരുതിയത്. വൈകിട്ടായിട്ടും ഇരുവരെയും കാണാതായതോടെയാണ് പൊലീസിൽ പരാതി നൽകിയത്

വീട്ടിൽനിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള ഭാഗത്തുനിന്നാണ് പിന്നീട് ഫൗസിയയുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം, ബുധനാഴ്ച രാത്രി ഫൗസിയയും ഹുസൈനും തമ്മിൽ വഴക്കുണ്ടായിരുന്നതായി അയൽവാസികൾ പറയുന്നു. വഴക്കിനിടെ ഫൗസിയയുടെ വസ്ത്രങ്ങൾ കീറിയതായും പ്രാണരക്ഷാർഥം ഇവർ അയൽവീട്ടിൽ അഭയം തേടിയതായും വിവരമുണ്ട്.


أحدث أقدم