പുലർച്ചെ 4.18നാണ് താമിർ ജിഫ്രിയെ പൊലീസ് ജീപ്പിൽ കയറ്റുന്നത്. എന്നാൽ ജീപ്പ് സ്റ്റേഷൻ വിട്ടത് അഞ്ച് മിനിറ്റിന് ശേഷം 4.23നാണ്. ഗുരുതരാവസ്ഥയിലായിരുന്ന താമിറിനെ ആശുപത്രിയിലെത്തിക്കുന്നതിൽ ഈ സമയവ്യത്യാസം നിർണായകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. മൂന്ന് വർഷമായി കുടുംബം നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോൾ പൊലീസ് സ്റ്റേഷന് പുറത്തെ ദൃശ്യങ്ങൾ ലഭിച്ചത്. 2023 ഓഗസ്റ്റ് ഒന്നിനാണ് താനൂർ പൊലീസ് കസ്റ്റഡിയിലെടുത്ത താമിർ ജിഫ്രി മരിച്ചത്. താമിറിന്റെ ശരീരത്തിൽ മർദനമേറ്റ 21 മുറിപ്പാടുകൾ ഉണ്ടായിരുന്നതായി ശരീരപരിശോധനാ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതിൽ 19 മുറിവുകൾ മരണത്തിന് മുമ്പും രണ്ട് മുറിവുകൾ മരണത്തിന് ശേഷവുമാണ് സംഭവിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ആദ്യം ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം നിയമപോരാട്ടം നടത്തി. ഇതിന് പിന്നാലെയാണ് സർക്കാർ കേസ് സിബിഐക്ക് വിട്ടത്. സംഭവത്തിൽ എട്ട് പൊലീസുകാരെ പ്രതിചേർത്ത് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. പുതിയതായി പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ കേസന്വേഷണത്തിൽ നിർണായകമാകുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.