'ലുങ്കിവാല’ പരാമർശം… ജോൺ ബ്രിട്ടാസിനെതിരെ…. രാജ്യസഭയിൽ പ്രതിഷേധം


        

ജോൺ ബ്രിട്ടാസ് എംപിയെ സുഷ്മിത ദേവ് ‘ലുങ്കിവാല’ എന്ന് വിളിച്ച് പരിഹസിച്ചെന്ന പരാതിയിൽ രാജ്യസഭയിൽ പ്രതിഷേധം. ബ്രിട്ടാസ് തന്നെയാണ് വിഷയം സഭയിൽ ഉന്നയിച്ചത്. മലയാളിയെന്ന നിലയിൽ ഓരോ നിമിഷവും അഭിമാനത്തോടെയാണ് ജീവിക്കുന്നതെന്ന് ബ്രിട്ടാസ് പറഞ്ഞു. തന്നെ അപമാനിച്ച അംഗം നിരന്തരം ശല്യപ്പെടുത്തിയെന്നും ‘ലുങ്കിവാല’ എന്ന് വിളിച്ച് പരിഹസിച്ചെന്നും ബ്രിട്ടാസ് സഭയിൽ ആരോപിച്ചു.

സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയ അദ്ദേഹം വിഷയത്തിൽ സഭയുടെ ശ്രദ്ധ ക്ഷണിക്കുകയായിരുന്നു. എല്ലാ അംഗങ്ങളും തുല്യരാണെന്നും സ്ഥലഭേദമില്ലെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പ്രതികരിച്ചു. രാജ്യവിരുദ്ധമായതോ വ്യക്തിവിരോധപരമായതോ ആയ പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്നും റിജിജു വ്യക്തമാക്കി. അതേസമയം സുഷ്മിത ദേവിനും പരാതിയുണ്ടെന്നും അവരുടെ ഭാഗവും കേൾക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ രാജ്യസഭയിൽ നാടകീയ രംഗങ്ങളുണ്ടായി. ബ്രിട്ടാസിനെ മാത്രം സംസാരിക്കാൻ അനുവദിച്ചതിനെതിരെ ബിജെപി അംഗങ്ങൾ പ്രതിഷേധിച്ചു. ഇതിനിടെ സുഷ്മിത ദേവ് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുടെ അടുത്തെത്തി പരാതി ഉന്നയിച്ചു. പ്രതിഷേധവും ബഹളവും രൂക്ഷമായതോടെ രാജ്യസഭാ നടപടികൾ ഉച്ചയ്ക്ക് രണ്ട് മണിവരെ നിർത്തിവച്ചു.

 
        

Previous Post Next Post